ഒമ്പതു പേരെ വെടിവെച്ചു കൊല്ലാന്‍ ഗൂഢാലോചന നടത്തിയ പെണ്‍കുട്ടികള്‍ അറസ്റ്റില്‍; പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഫ്‌ളോറിഡയില്‍ വന്‍കൊലപാതകത്തിന് ആസൂത്രണമിട്ട  പെണ്‍കുട്ടികള്‍ അറസ്റ്റില്‍. ഒമ്പതു പേരെ വധിക്കാന്‍ പദ്ധതിയിട്ട 14 വയസുകാരികളാണ് അറസ്റ്റിലായത്. അവാണ്‍ പാര്‍ക്ക് മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ഇവര്‍. കൊലപാതക പദ്ധതിയുടെ ആസൂത്രണ രേഖകള്‍ കമ്പ്യൂട്ടറിലാണ് ഇവര്‍ സൂക്ഷിച്ചിരുന്നത്. കമ്പ്യൂട്ടര്‍ പരിശോധിച്ച അദ്ധ്യാപികയാണ് ഇവ കണ്ടെത്തിയത്. പ്രൈവറ്റ് ഇന്‍ഫോ, ഡു നോട്ട് ഓപ്പണ്‍, പ്രോജക്ട് 11/9 തുടങ്ങിയ പേരുകളിലായിരുന്നു ഫോള്‍ഡറുകള്‍.

ഞെട്ടിക്കുന്ന വിവരങ്ങളാണ് അവയിലുണ്ടായിരുന്നത്. കൊലപാതകം എങ്ങിനെ നടത്തണമെന്നും തെളിവുകള്‍ എങ്ങിനെ നശിപ്പിക്കണമെന്നതിനെ കുറിച്ചും എട്ടു പേജുകളിലായാണ് വിവരിച്ചിരുന്നത്. തോക്കുകളെ കുറിച്ചും മൃതദേഹങ്ങള്‍ കത്തിച്ച് തെളിവുകള്‍ നശിപ്പിക്കുന്നതിനെ കുറിച്ചും എഴുതിയിരുന്നു. മറ്റൊരു കുറിപ്പില്‍ കൃത്യം നടത്തുമ്പോള്‍ ധരിക്കേണ്ട വസ്ത്രങ്ങളെ കുറിച്ചായിരുന്നു. തലമുടി കാണാത്ത വിധമാകണം വസ്ത്രം ധരിക്കേണ്ടത് എന്നു തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു.

സ്വന്തം കൈപ്പടയിലാണ് പെണ്‍കുട്ടികള്‍ അവ എഴുതിയിരുന്നത്. കൊലപ്പെടുത്തേണ്ട ആളുകളുടെ പേരുവിവരങ്ങളും അവയിലുണ്ടായിരുന്നുവെന്നാണ് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോള്‍ഡറുകള്‍ പരിശോധിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ പരിഭ്രാന്തരായിരുന്നുവെന്ന് ഒരു അധ്യാപിക പറഞ്ഞു.

Read more

കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടികളെ ഉടന്‍ വിചാരണ ചെയ്യുമെന്ന് ഹൈലാന്‍ഡ്‌സ് കൗണ്ടി ഷെറീഫ് ഓഫീസ് വക്താവ് സ്‌കോട്ട് ഡ്രെസെല്‍ പറഞ്ഞു. ആളുകളെ കൊല്ലുമെന്ന് പറയുന്നത് തമാശയായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകത്തിനുള്ള ആസൂത്രണവും തട്ടിക്കൊണ്ടു പോകലും ഉള്‍പ്പെടെ ഒമ്പതു കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.