എംഎ യൂസഫലിയ്ക്ക് ആദരസൂചകമായി പ്രഖ്യാപിച്ച അന്‍പത് ഹൃദയശസ്ത്രക്രിയകളില്‍ ആദ്യ പത്തെണ്ണം പൂര്‍ത്തിയായി. സംഘര്‍ഷമേഖലകളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ശസ്ത്രക്രിയകളാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ലിബിയ, ടുണീഷ്യ എന്നിവിടങ്ങളിലെ സംഘര്‍ഷ മേഖലകളിലെ കുട്ടികള്‍ക്കൊപ്പം ഈജിപ്റ്റിലെ കുരുന്നുകളും ആദ്യമാസം സങ്കീര്‍ണ വൈദ്യസഹായം ലഭിച്ചവരില്‍ ഉള്‍പ്പെടും.
കുട്ടികളുടെ തുടര്‍ ജീവിതത്തെ മാറ്റിമറിക്കുന്ന ശസ്ത്രക്രിയകളാണ് ഉദ്യമത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയത്. യൂസഫലിയുടെ മരുമകന്‍ ഡോ ഷംഷീര്‍ വയലില്‍ ആണ് ഹൃദയശസ്ത്രക്രിയ പ്രഖ്യാപിച്ചത്. ജനുവരി ആദ്യം പ്രഖ്യാപിച്ച ഉദ്യമത്തിലൂടെ ഇതിനകം ജീവന്‍ രക്ഷാ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികള്‍ 10 മാസം മുതല്‍ ഒമ്പത് വയസ്സ് വരെ പ്രായമുള്ളവരാണ്.
ലിബിയയില്‍ നിന്നുള്ള ഏലിയാസ്, അല്‍ തെറിക്കി, ടുണീഷ്യയില്‍ നിന്നുള്ള ചബാനി, ഔസ്ലാറ്റി, ഈജിപ്തില്‍ നിന്നുള്ള കാരസ്, മാര്‍വി, നൂര്‍, മുഹമ്മദ് എന്നിവര്‍ ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവിലൂടെ പുതു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്ത്യടക്കമുള്ള രാജ്യങ്ങളിലെ കുട്ടികള്‍ക്ക് സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേരളത്തില്‍ നിന്ന് പദ്ധതിയിലേക്ക് അപേക്ഷിച്ചവരില്‍ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് നാട്ടില്‍ തന്നെ ചികിത്സയൊരുക്കാനാണ് ശ്രമം.