സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിഷേധം രൂക്ഷമായ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയ്ക്ക് രാജ്യം വിടാന്‍ സഹായം നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ കമ്മീഷന്‍. അദ്ദേഹത്തിന് മാലിദ്വീപിലേക്ക് പോകാന്‍ ഇന്ത്യ സഹായം നല്‍കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അത് വ്യാജമാണെന്നും കൊളംബോയിലെ ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു.
ഇന്ത്യ ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ്. ജനാധിപത്യ സംവിധാനത്തിന് അകത്തുനിന്നു കൊണ്ടും ഭരണഘടനാ ചട്ടക്കൂട് അനുസരിച്ചും ശ്രീലങ്കന്‍ ജനതയ്ക്കുള്ള പിന്തുണ തുടരുമെന്നും ഹൈക്കമ്മീഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം ഗോതബയ രജപക്‌സെ ലങ്ക വിട്ട് മാലിദ്വീപിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സൈനിക വിമാനത്തില്‍ ഭാര്യ ലോമ രാജപക്സെയുമൊത്ത് മാലിദ്വീപിലെത്തിയതായാണ് സൂചന. ഇന്ന് രാജി വെക്കുമെന്ന് സ്പീക്കറോടും പ്രധാനമന്ത്രിയോടും ഗോതബയ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാടുവിട്ടിരിക്കുന്നത്. ആന്റണോവ്- 32 എന്ന സൈനിക വിമാനത്തിലാണ് ഗൊതബയ രാജ്യം വിട്ടത്. അദ്ദേഹത്തോടൊപ്പം അംഗരക്ഷകരും ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വിദേശരാജ്യത്തേക്ക് രക്ഷപെടാന്‍ കഴിഞ്ഞ ദിവസം കൊളംബോ വിമാനത്താവളത്തിലെത്തിയ ഗോതബയയേയും ഭാര്യയേയും എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞിരുന്നു. പ്രസിഡന്റിന്റെ വസതി പ്രതിഷേധക്കാര്‍ കയ്യേറിയതോടെ അവിടം വിട്ട രജപക്സെ പിന്നീട് രാജി വെക്കുമെന്ന് അറിയിച്ചിരുന്നു. ഇന്ന് രാജി വെക്കുമെന്നാണ് അദ്ദേഹം സ്പീക്കറെ അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ശ്രീലങ്കയില്‍ ജൂലൈ 20ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനും സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.