സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിരിക്കുന്ന ശ്രീലങ്കയിലെ പ്രസിഡന്റ് ഗോതബയ രജപക്‌സെ മാലിദ്വീപിലേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍. സൈനിക വിമാനത്തില്‍ ഭാര്യ ലോമ രാജപക്‌സെയുമൊത്ത് മാലിദ്വീപിലെത്തിയതായാണ് സൂചന. ഇന്ന് രാജി വെക്കുമെന്ന് സ്പീക്കറോടും പ്രധാനമന്ത്രിയോടും ഗോതബയ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാടുവിട്ടിരിക്കുന്നത്.
ആന്റണോവ്- 32 എന്ന സൈനിക വിമാനത്തിലാണ് ഗൊതബയ രാജ്യം വിട്ടത്. അദ്ദേഹത്തോടൊപ്പം അംഗരക്ഷകരും ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശരാജ്യത്തേക്ക് രക്ഷപെടാന്‍ കഴിഞ്ഞ ദിവസം കൊളംബോ വിമാനത്താവളത്തിലെത്തിയ ഗോതബയയേയും ഭാര്യയേയും എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞിരുന്നു.
മാലിദ്വീപില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ ആദ്യം അനുമതി നല്‍കിയിരുന്നില്ല. പിന്നീട് മാലിദ്വീപ് പാര്‍ലമെന്റിന്റെ സ്പീക്കര്‍ മജ്‌ലിസും മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാന്‍ അനുമതി ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read more
പ്രസിഡന്റിന്റെ വസതി പ്രതിഷേധക്കാര്‍ കയ്യേറിയതോടെ അവിടം വിട്ട രജപക്‌സെ പിന്നീട് രാജി വെക്കുമെന്ന് അറിയിച്ചിരുന്നു. ഇന്ന് രാജി വെക്കുമെന്നാണ് അദ്ദേഹം സ്പീക്കറെ അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ശ്രീലങ്കയില്‍ ജൂലൈ 20ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനും സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.