തലവനായാല്‍ ഇസ്രയേല്‍ തലയറക്കും; ജീവഭയത്തില്‍ ഹമാസിന്റെ നേതൃസ്ഥാനം ഏറ്റെടുക്കാനാളില്ല; പുതിയ മേധാവിയുടെ പേര് രഹസ്യമാക്കുമെന്ന് ഉറപ്പ് നല്‍കി

ഇസ്രയേലിന്റെ വധഭീഷണി ഉള്ളതിനാല്‍ യഹ്യ സിന്‍വറിന് പകരം പുതിയ തലവനെ പ്രഖ്യാപിക്കാതെ ഹമാസ്. മാസങ്ങളുടെ ഇടവേളയില്‍ നേതൃപദത്തിലെത്തിയ രണ്ടുപേരാണ് അടുത്തടുത്ത് ഇസ്രയേല്‍ സൈന്യം വധിച്ചിരുന്നു. ഇതോടെയാണ് ഹമാസ് പ്രതിസന്ധിയിലായിരിക്കുന്നത്.

യഹ്യയുടെ സഹോദരന്‍ മുഹമ്മദ് സിന്‍വര്‍, ഖാലിക് അല്‍ ഹയ്യ, മുഹമ്മദ് അല്‍-സഹാര്‍, മൂസ അബു മര്‍സൂഖ് തുടങ്ങിയ പേരുകാരാണ് ഹമാസിന്റെ തലപ്പത്തേക്കു പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖര്‍. എന്നാല്‍, ജീവഭയം കാരണം ഇവര്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയാറായിട്ടില്ല.

ഇതോടെ യഹ്യ സില്‍വറിന്റെ ഡെപ്യൂട്ടിയായിരുന്ന ഖാലിക് അല്‍ ഹയ്യയാണ് ഹമാസ് മേധാവിയാകാന്‍ പരിഗണിക്കുന്നുണ്ട് ഖത്തറിലാണ് ഹയ്യ താമസിക്കുന്നത്. ഹമാസിന്റെ ഖത്തറിലെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗമാണ്. യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലുമായി ദോഹ കേന്ദ്രീകരിച്ചു നടക്കുന്ന ചര്‍ച്ചകളില്‍ ഹമാസിനെ പ്രതിനിധീകരിക്കുന്നതും ഇയാളാണ്.

ഇസ്രയേലിനെ പേടിച്ച് ഇനി അടുത്ത തലവന്‍മാരുടെ പേരുകള്‍ ഹമാസ് പുറത്തുവിടില്ല. ഇതിനായി അവര്‍ പറയുന്ന ന്യായീകരണം സുരക്ഷാ കാരണങ്ങളാണ്. തിടുക്കപ്പെട്ട് തലവനെ പ്രഖ്യാപിക്കാന്‍ ഹമാസിന് കഴിഞ്ഞിട്ടില്ല. ഇതോടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യഹ്യ സിന്‍വറിന്റെ പിന്‍ഗാമിയെ അടുത്ത മാര്‍ച്ചില്‍ തെരഞ്ഞെടുക്കുമെന്നു ഹമാസ് പറഞ്ഞു.
അതുവരെ അഞ്ചംഗ സമിതിയാകും സംഘടനയെ നയിക്കുക. ഖലീല്‍ അല്‍ ഹയ്യ, ഖാലിദ് മെഷാല്‍, സഹര്‍ ജബാരിന്‍, ഷൂറ കൗണ്‍സില്‍ മേധാവി മുഹമ്മദ് ദാര്‍വിഷ്, പ്രത്യേക പ്രതിനിധി എന്നിവരാകും കൗണ്‍സിലില്‍ ഉണ്ടാകുക. പ്രത്യേക പ്രതിനിധിയുടെ പേരും പുറത്തുവിടില്ല.

Read more

രണ്ട് മാസം മുമ്പാണു സംഘടനയുടെ തലവനായിരുന്നു ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ യഹ്യ സിന്‍വറിനെയും ഇസ്രയേല്‍ വധിച്ചു.
ഹമാസിന്റെ സൈനിക വിഭാഗം തലവനായിരുന്ന മുഹമ്മദ് ദെയ്ഫ്, മര്‍വാന്‍ ഇസ്സ എന്നിവരെയും ഇസ്രയേല്‍ കൊലപ്പെടുത്തി. സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഖാലിദ് മെഷാല്‍, മഹമൗദ് സഹര്‍ എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ നേതൃനിരയില്‍ ജീവിച്ചിരിക്കുന്നത്.