ഹിസ്ബുല്ല തലവൻ ഹസൻ നസറുള്ളയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തിൽ മുറിവുകളില്ല, കൊല്ലപ്പെട്ടത് 20 നേതാക്കൾ

ലെബനനിലെ ഇസ്രായേൽ ബോംബാക്രമണം തുടരുന്നതിനിടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല തലവൻ സയീദ് ഹസൻ നസറുള്ളയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. മൃതദേഹം നേരിട്ട് മുറിവുകളില്ലാതെ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിൻ്റെ ശക്തിയിൽ ഉണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. നസറുള്ളയെ വധിക്കാൻ ഇസ്രായേൽ ഉപയോഗിച്ചത് 900 കിലോ ഗ്രാം അമേരിക്കൻ നിർമ്മിത മാർക്ക് 84 സീരീസ് ബോംബുകളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ശനിയാഴ്ച ഹിസ്ബുള്ള നസറുള്ളയുടെ വിയോഗം സ്ഥിരീകരിച്ചിരുന്നുവെങ്കിലും സാഹചര്യങ്ങളെക്കുറിച്ചോ ശവസംസ്കാരം എപ്പോൾ നടത്തുമെന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ നൽകിയിരുന്നില്ല. അതേസമയം ഇസ്രായേൽ ആകാരമാണത്തിൽ ഇതുവരെ 20 ഹിസ്ബുല്ല നേതാക്കളും കൊല്ലപ്പെട്ടെന്നാണ് വിവരം. ഞായറാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 105 പേർ കൊല്ലപ്പെടുകയും 359 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് അരോഗ്യമന്ത്രാലയം അറിയിച്ചു.

രണ്ടാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണങ്ങളിൽ ഇതിനോടകം 1000ത്തിലധികം പേർ കൊല്ലപ്പെട്ടെന്നും 6000ത്തിലധികം പേർക്ക് പരിക്കേറ്റെന്നുമാണ് ലെബനൻ പുറത്തുവിട്ട കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. വെള്ളിയാഴ്ചയാണ് ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ല ആസ്ഥാനത്ത് നസ്രല്ലയുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. ഇസ്രായേൽ വ്യോമാക്രമണത്തിൽ നസറുള്ള കൊല്ലപ്പെട്ടെന്ന വിവരം ഹിസ്ബുല്ലയും സ്ഥിരീകരിച്ചിരുന്നു.

അതിനിടെ നസ്റല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി വധിച്ചതായി ഇന്നലെ ഇസ്രയേൽ അറിയിച്ചിരുന്നു. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു യൂണിറ്റിൻ്റെ തലവനായിരുന്ന ഹസ്സൻ ഖലീൽ യാസിൻ എന്ന നേതാവാണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചിരിക്കുന്നത്. അതേസമയം പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് ഇറാനിൽ പ്രതിഷേധം ശക്തമാവുകയാണ്.