പുതിയ നേതാവാകുമെന്നു പ്രതീക്ഷിക്കപ്പെട്ട ഷിയാ പുരോഹിതന്‍ ഹാഷിം സഫിയുദ്ദീനെ വധിച്ചതായുള്ള ഇസ്രേലി സേനയുടെ അവകാശവാദം സ്ഥിരീകരിച്ച് ഹിസ്ബുള്ള. മൂന്നാഴ്ച മുന്പ് ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വ്യോമാക്രമണത്തിലാണ് ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടതെന്ന് ഹിസ്ബുള്ള അറിയിച്ചു.
മൂന്നു പതിറ്റാണ്ട് ഹിസ്ബുള്ളയെ നയിച്ച ഹസന്‍ നസറുള്ള സെപ്റ്റംബര്‍ 27ന് ഇസ്രേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നസറുള്ളയുടെ ബന്ധുവായ സഫിയുദ്ദീന്‍ പുതിയ നേതാവാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ഒക്ടോബര്‍ നാലിനു ബെയ്‌റൂട്ടിലുണ്ടായ ഇസ്രേലി വ്യോമാക്രമണത്തില്‍ സഫിയുദ്ദീനും കൊല്ലപ്പെട്ടതായി സൂചനകളുണ്ടായിരുന്നു. ഇതിനു ശേഷം ഇയാളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ലബനീസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. സഫിയുദ്ദീനൊപ്പം ഹിസ്ബുള്ള ഇന്റലിജന്‍സ് വിഭാഗം കമാന്‍ഡര്‍ അലി ഹുസൈന്‍ ഹാസിമയെയും വധിച്ചതായി ഇസ്രേലി സേന ഇന്നലെ വ്യക്തമാക്കി.
ഹിസ്ബുല്ല എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അധ്യക്ഷനായിരുന്ന സഫിയുദ്ദീന്‍, ഹസന്‍ നസ്‌റുല്ലയുടെ ബന്ധുകൂടിയാണ്. 1964ല്‍ ദക്ഷിണ ലബനാനില്‍ ജനിച്ച അദ്ദേഹം ഹിസ്ബുല്ല സ്ഥാപക അംഗങ്ങളിലൊരാളാണ്. ഏറെക്കാലം ഇറാന്‍ നഗരമായ ഖുമ്മില്‍ കഴിച്ചുകൂട്ടിയ ശേഷമാണ് ലബനാനില്‍ തിരിച്ചെത്തിയത്. 2017ല്‍ യു.എസ് അദ്ദേഹത്തെ ഭീകരപ്പട്ടികയില്‍പെടുത്തി.
നസ്‌റുല്ല വര്‍ഷങ്ങളായി ഒളിവില്‍ ജീവിച്ചപ്പോഴൊക്കെയും പൊതുവേദികളില്‍ സംഘടനയെ പ്രതിനിധാനം ചെയ്തത് സഫിയുദ്ദീനായിരുന്നു. അദേഹവും കൊല്ലപ്പെട്ടതിനാല്‍ മുതിര്‍ന്ന നേതാക്കളില്‍ നഈം ഖാസിം മാത്രമാണ് അവശേഷിക്കുന്നത്. നസ്‌റുല്ലയുടെ പിന്‍ഗാമിയുടെ പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് നഈം ഖാസിം ദിവസങ്ങള്‍ക്ക് മുമ്ബ് പ്രഖ്യാപിച്ചിരുന്നു.