'ദൈവത്തിന്റെ പാര്‍ട്ടി' തലവന്‍മാരുടെ തലയറുത്ത് ഇസ്രയേല്‍; ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗാമിയെയും വധിച്ചു

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗാമി ഹാഷിം സഫിദീനെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സഫിദീനും കൊല്ലപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നസ്‌റല്ലയുടെ അടുത്ത ബന്ധുവായിരുന്നു ഹാഷിം സഫിദീന്‍.

സൗദി വാര്‍ത്താ ഏജന്‍സിയായ അല്‍ ഹദത്ത് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലബനനില്‍ ഇതുവരെ 250 ഹിസ്ബുള്ളക്കാരെ കൊന്നെന്ന് ഇസ്രയേല്‍ അറിയിച്ചു. 37 ആരോഗ്യകേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടു. സഫിദീന്‍ ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മേധാവിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇറാനുമായി അടുത്ത ബന്ധവുമുണ്ട്. ഗാസ യുദ്ധം ആരംഭിച്ച ശേഷമുള്ള ഇസ്രായേലിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് ഹിസ്ബുള്ള മേധാവി ഹസന്‍ നസ്‌റല്ലയുടെയും ഹാഷിം സഫീദിന്റെയും വധങ്ങള്‍.

യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലബനനിലെ 24 ഗ്രാമങ്ങള്‍ക്കുകൂടി ഒഴിയാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ പ്രദേശത്തുനിന്ന് അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടിരിക്കുന്നത്.

ഹിസ്ബുള്ളയുമായി അതിര്‍ത്തികടന്ന് കരയുദ്ധം ആരംഭിച്ചതിനു ശേഷം ഇന്നലെയാണ് ഇസ്രയേല്‍ സൈന്യം കൂടുതല്‍ പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. 2006ലെ ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തിനു ശേഷം യുഎന്‍ ബഫര്‍സോണായി പ്രഖ്യാപിച്ച മേഖലയാണിത്. കരയുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം.

അതേസമയം, ഇറാന്‍ മിസൈല്‍ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലേക്ക് ഏറ്റവും പ്രഹരശേഷിയുള്ള യുദ്ധക്കപ്പല്‍ അമേരിക്ക അയച്ചു. പശ്ചിമേഷ്യയില്‍ തുറന്ന യുദ്ധത്തിലേക്ക് സംഘര്‍ഷം നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെയാണ് യുഎസിന്റെ നിര്‍ണായക നീക്കം. മേഖലയില്‍ കൂടുതല്‍ സൈനികരെയും അടിയന്തരമായി വിന്യസിച്ചിട്ടുണ്ട്.

Read more