ഇസ്രയേലുമായുള്ള യുദ്ധം തുടരുമെന്ന് ഹിസ്ബുള്ളയുടെ പുതിയ മേധാവി നയിം ഖാസിം. ഹിസ്ബുള്ളയുടെ തലവനായ ശേഷമുള്ള ആദ്യ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ യുദ്ധം തുടരുമെന്നും തന്റെ മുന്‍ഗാമിയായ ഹസന്‍ നസ്റള്ളയുടെ അജണ്ട പിന്തുടരാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും നയം ഖാസിം പറഞ്ഞു.
ഇസ്രയേല്‍ നമ്മെ ആക്രമിക്കാന്‍ കാത്തിരിക്കുകയാണ്. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ പ്രതിരോധ ആക്രമണത്തിലൂടെ ചെറുത്തുനില്‍ക്കുന്നതാണ് നല്ലത്. ഞങ്ങള്‍ തയ്യാറാണ്. അത് ഞങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചാല്‍ ഞങ്ങള്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഹിസ്ബുള്ളയുടെ പുതിയ നേതാവിന്റെ ഫോട്ടോയ്ക്കൊപ്പം ‘താത്കാലിക നിയമനം. അധികനാളായില്ല’ എന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എക്‌സില്‍ കുറിച്ചത്. അദ്ദേഹം തന്റെ മുന്‍ഗാമികളുടെ പാത പിന്തുടരുകയാണെങ്കില്‍, ഈ പദവിയിലുള്ള അദ്ദേഹത്തിന്റെ കാലാവധി ഹിസ്ബുള്ളയുടെ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായിരിക്കാമെന്നും ഗാലന്റ് പരിഹസിച്ചു.
ഹിസ്ബുള്ളയുമായി വെടിനിര്‍ത്തല്‍ സാധ്യത ഇസ്രേലി മന്ത്രിസഭ ചര്‍ച്ചചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഖാസെമിന്റെ സന്ദേശം. ചൊവ്വാഴ്ച പ്രധാനമന്ത്രി നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ മന്ത്രിസഭ 60 ദിവസത്തെ വെടിര്‍ത്തല്‍ നിര്‍ദേശം പരിഗണിച്ചതായി ഇസ്രേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹിസ്ബുള്ള ഇസ്രേലി അതിര്‍ത്തിയില്‍നിന്ന് 30 കിലോമീറ്റര്‍ പിന്മാറണമെന്നതാണ് ഇസ്രയേലിന്റെ പ്രധാന ആവശ്യം. തുടര്‍ന്ന് അതിര്‍ത്തിയില്‍ ലബനീസ് സേനയെ വിന്യസിക്കണം.
ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തിയും വെടിനിര്‍ത്തല്‍ ശ്രമങ്ങളെക്കുറിച്ച് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ചിനു മുന്പായി വെടിനിര്‍ത്തല്‍ ഉണ്ടാകാമെന്നു യുഎസിന്റെ പശ്ചിമേഷ്യാ പ്രതിനിധി ആമോസ് ഹോഷ്‌സ്റ്റെയിന്‍ സൂചിപ്പിച്ചതായി മിക്കാത്തി അറിയിച്ചു.