ദോക്‌ലായിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് ചൈന; നിര്‍മ്മാണങ്ങള്‍ സൈന്യത്തിനു വേണ്ടി

ദോക്‌ലായിലെ സൈനിക പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് ചൈന രംഗത്ത്. സൈനികകര്‍ക്കു വേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നും ചൈന വ്യക്തമാക്കി. ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്ത് ചൈന പ്രവര്‍ത്തനം നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ചൈന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സൈന്യത്തിനും ആ മേഖലയില്‍ താമസിക്കുന്നവര്‍ക്കും വേണ്ടിയുള്ള സൗകര്യങ്ങള്‍ കൂട്ടുന്നതിന്റെ ഭാഗമായാണിത്. ദോക്ലായില്‍ റോഡുള്‍പ്പെടെ നിര്‍മിക്കുന്നത് അതിന്റെ ഭാഗമായാണെന്നും ചൈനീസ് വക്താവ് ലൂ കാങ് പറഞ്ഞു. ചൈനയുടെ സ്ഥലത്ത് നിര്‍മാണം നടത്താന്‍ ചൈനയ്ക്ക് അധികാരമുണ്ട്. ഇന്ത്യയുടെ സ്ഥലത്ത് അവരുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഇടപെടുന്നില്ല. അതിനാല്‍ തന്നെ ഞങ്ങളുടെ കാര്യത്തില്‍ മറ്റു രാഷ്ട്രങ്ങള്‍ ഇടപെടില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Read more

നിര്‍മാണത്തിന്റെ ഉപഗ്രഹ ചിത്രങ്ങളടക്കം നേരത്തേ പുറത്തു വന്നിരുന്നു. എന്നാല്‍ ദൃശ്യങ്ങളെ അംഗീകരിക്കാന്‍ ചൈനീസ് സൈന്യം ഇതുവരെ തയാറായിട്ടില്ല. ദോക്ലായിലെ പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രചര്‍ച്ചകളിലൂടെ പരിഹരിച്ചതായാണ് ഇന്നലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. വിഷയത്തില്‍ ഇനി കുറ്റംചുമത്തലുകള്‍ക്കു സ്ഥാനമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.