സൗദിയില്‍ ജനവാസ മേഖലയില്‍ ഹൂതി ആക്രമണം; കാറുകളും വീടുകളും തകര്‍ത്തു

സൗദി അറേബ്യയില്‍ വീണ്ടും ഹൂതി വിമതരുടെ ആക്രമണം. ജിസാനിലെ എണ്ണക്കമ്പനിയായ അരാംകോയുടെ സ്ഥാപനത്തില്‍ ഉള്‍പ്പടെ നാലിടത്താണ് ആക്രമണം നടന്നത്. നാല് ഡ്രോണുകളാണ് സ്ഥലത്തേക്ക് വിക്ഷേപിച്ചതെന്ന് സൗദി സഖ്യ സേന വ്യക്തമാക്കി. ആക്രമണത്തില്‍ ജീവഹാനി ഉണ്ടായിട്ടില്ലെന്ന് സഖ്യം വ്യക്തമാക്കി.

അല്‍-ഷഖീഖിലെ ഡിസലൈനേഷന്‍ പ്ലാന്റിലും, ജിസാനടുത്തുള്ള ദഹ്‌റാന്‍ അല്‍-ജനൂബ് പവര്‍ സ്റ്റേഷനിലും ആക്രമണം നടന്നു. നാലാമത്തെ ആക്രമണം ഖമീസ് മുഷൈത്തിലെ ഗ്യാസ് സ്റ്റേഷനിലായിരുന്നു. ഡ്രോണ്‍ ആക്രമണത്തിന് പുറമെ ജിസാനില്‍ ഒരു മിസൈലാക്രമണവും ഹൂതി വിമതര്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂസ് മിസൈലുകള്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

ജനവാസ മേഖലകളില്‍ ഉള്‍പ്പടെ ആക്രമണം നടന്നിട്ടുണ്ട്. ആക്രമണത്തില്‍ കാറുകളും വീടുകളും തകര്‍ന്നു. അതേസമയം ഡ്രോണുകളെ തകര്‍ത്തുവെന്നും, ഹൂതി ആക്രമണത്തെ പരാജയപ്പെടുത്തിയെന്നും സൗദി സഖ്യസേന അറിയിച്ചു.

സൗദി തലസ്ഥാനമായ റിയാദിലെ ഒരു എണ്ണ ശുദ്ധീകരണശാലയിലേക്ക് മാര്‍ച്ച് 10 ന് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് വീണ്ടും പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

മാര്‍ച്ച് 29 മുതല്‍ റിയാദില്‍ ഹൂതികള്‍ ഉള്‍പ്പെടെയുള്ള യെമന്‍ വിഭാഗവുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് ആക്രമണം. ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള ആറ് രാഷ്ട്ര ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ക്ഷണം ഈ ആഴ്ച ആദ്യം ഹൂതികള്‍ നിരസിച്ചിരുന്നു.