രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കുറക്കും; നിലവിലെ നയം പരാജയമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; കാനഡയിലേക്ക് കുടിയേറ്റ സ്വപ്‌നം കാണുന്ന ഇന്ത്യാക്കാര്‍ക്ക് കനത്ത തിരിച്ചടി

കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന കുടിയേറ്റ നയം പരാജയമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അതിനാല്‍ രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം കുറക്കുമെന്നും അദേഹം വ്യക്തമാക്കി. കാനഡയുടെ നയവ്യതിയാനത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത് ഇന്ത്യക്കാര്‍.

സ്വന്തം പാര്‍ട്ടിക്കകത്തുനിന്നുതന്നെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ട്രൂഡോയുടെ തുറന്നുപറച്ചില്‍. നിലവിലെ കുടിയേറ്റ നയം അനുസരിച്ച്, അടുത്ത വര്‍ഷം 3,95,000 ആളുകള്‍ക്കാണ് വിസ അനുവദിക്കേണ്ടത്. ഇത് 3.8 ലക്ഷം ആക്കി കുറക്കും.

അടുത്ത രണ്ട് വര്‍ഷത്തില്‍ രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുമെന്ന് ട്രൂഡോ അറിയിച്ചു. 2024-ല്‍ 4,85,000 ആയിരുന്ന പെര്‍മെനന്റ് റെസിഡെന്‍ഷ്യന്‍ഷിപ്പ് വരും വര്‍ഷങ്ങളിലായി കുറച്ചുകൊണ്ടുവരാനാണ് കാനഡയുടെ തീരുമാനം. 2025-ല്‍ 3,95,000 ആയും, 2026-ല്‍ 3,80,000 ആയും, 2027-ല്‍ 3,65,000 ആയും കുറച്ചേക്കും. ടെമ്പററി റെസിഡന്റ്സിന്റെ എണ്ണവും ഒറ്റയടിക്ക് 30,000ത്തോളമായി കുറയ്ക്കാനാണ് കാനഡയുടെ തീരുമാനം.ഇത് കാനഡയിലേക്ക് കുടിയേറാനൊരുങ്ങുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും.

കോവിഡിന് ശേഷം രാജ്യത്തെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി കൂടുതല്‍ ആളുകള്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കുമെന്ന് ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. ഓരോ രണ്ട് വര്‍ഷംതോറും, അഞ്ചുലക്ഷം പേര്‍ക്ക് സ്ഥിര റെസിഡന്‍സ് വിസ നല്‍കുന്ന പദ്ധതിയായിരുന്നു ഇത്. ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നുവെങ്കിലും അദ്ദേഹം മുന്നോട്ടുപോവുകയായിരുന്നു. എന്നാല്‍, തൊഴില്‍ ആവശ്യങ്ങളെയൂം ജനസംഖ്യ പെരുപ്പത്തെയും വേണ്ടവിധം പുതിയ നയത്തില്‍ സന്തുലിതപ്പെടുത്താനായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റനയം മൂലം രാജ്യത്ത് വിലക്കയറ്റവും മറ്റ് പ്രശ്നങ്ങളും വര്‍ധിച്ചുവരുന്നുവെന്ന ജനങ്ങളുടെ പരാതികളിന്മേലുളള നടപടിയാണ് ട്രൂഡോ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.