ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്നതിന്റെ അവസാന ഘട്ടത്തിലാണ്. വെറും എട്ടുദിവസത്തെ ദൗത്യം മാസങ്ങളിലേക്ക് നീണ്ടതിന്റെ പശ്ചാത്തലത്തില്‍ ഇരുവർക്കും നാസ എത്ര തുക നല്‍കേണ്ടി വരുമെന്ന ചര്‍ച്ചയും ഇതിനൊപ്പം ചൂടുപിടിച്ചിരിക്കുകയാണ്. ബഹിരാകാശ യാത്രികര്‍ക്ക് ഓവര്‍ടൈം സാലറി ഇല്ല എന്നാണ് നാസയില്‍ നിന്ന് വിരമിച്ച ബഹിരാകാശ യാത്രിക കാഡി കോള്‍മാന്‍ പറയുന്നത്.
അവര്‍ സര്‍ക്കാര്‍ ജീവനക്കാരായതിനാല്‍ സ്‌പേസിലുള്ള അവരുടെ സമയത്തെ ഭൂമിയിലെ വര്‍ക്ക് ട്രിപ്പായാണ് വിലയിരുത്തുക. എന്നാൽ അവരുടെ താമസ-ഭക്ഷണ ചെലവുകള്‍ നാസ വഹിക്കുന്നതിനാല്‍ തന്നെ സാധാരണ ശമ്പളം തന്നെയായിരിക്കും അവര്‍ക്ക് ലഭിക്കുകയെന്നും കാഡി കോള്‍ഡ്മാന്‍ പറയുന്നു. എന്നാല്‍ ചെറിയൊരു പ്രതിദിന സ്റ്റൈപന്റ് ഏകദേശം നാലു ഡോളര്‍ അതായത് 347 രൂപ ഇവര്‍ക്ക് ലഭിക്കും.
2010-11ലെ 159 ദിവസം നീണ്ടുനിന്ന ദൗത്യത്തിന് കോള്‍മാന് ലഭിച്ച കൂടുതല്‍ തുക 636 ഡോളറാണ്. അതായത് ഏകദേശം 55000 ഇന്ത്യന്‍ രൂപ. ഇതേ കണക്കുപ്രകാരം നോക്കുകയാണെങ്കില്‍ സുനിതയ്ക്കും ബുച്ചിനും 287 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞതിന് 1,148 ഡോളര്‍ ലഭിക്കും. അതായത് ഏകദേശം ഒരുലക്ഷം ഇന്ത്യന്‍ രൂപ.
നാസയുടെ ജിഎസ്-15 പേ ഗ്രേഡിലുള്ള സര്‍ക്കാര്‍ ജീവനക്കാരാണ് സുനിത വില്യംസും ബുച്ച് വിൽമോറും. ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ജീവനക്കാരാണ് ഈ ഗ്രേഡിലുള്ളവര്‍. ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 1,25,133 ഡോളര്‍ മുതല്‍ 1,62,672 ഡോളര്‍വരെയാണ്. ഏകദേശം 1.08 മുതൽ 1.41 കോടി രൂപ. അങ്ങനെ നോക്കുകയാണെങ്കിൽ ബഹിരാകാശനിലയത്തില്‍ 9 മാസം കഴിയേണ്ടി വന്ന ഇവര്‍ക്ക് കണക്കുകള്‍ പ്രകാരം 81 ലക്ഷം മുതല്‍ 1.05 കോടിക്കിടയിലായിരിക്കും പ്രതിഫലം ലഭിക്കുക. ഇതിനുപുറമേ ഒരുലക്ഷം രൂപ ഇന്‍സിഡെന്റല്‍ പേയായും ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.