തീവ്രവാദികള്‍ പുറത്തുപോകണം; ഞങ്ങള്‍ക്ക് സമാധാനം വേണം; ഇസ്രയേലിനെ പ്രകോപിപ്പിക്കരുത്; ഹമാസിനെതിരെ ഗാസയിലെ തെരുവുകളിലിറങ്ങി ജനം; ഏറ്റവും വലിയ പ്രതിഷേധം

ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ ഹമാസ് തീവ്രവാദികള്‍ക്കെതിരെ ഗസയില്‍ ജനങ്ങളുടെ വന്‍ പ്രതിഷേധം. അധികാരത്തില്‍ നിന്ന് ഹമാസിന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യുദ്ധം ആരംഭിച്ചതിനുശേഷം ഗസയില്‍ നടന്ന ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്രതിഷേധക്കാരെ ഹമാസ് ആക്രമിച്ചു.

പ്രതിഷേധക്കാരെ രാജ്യദ്രോഹികളെന്നാണ് ഹമാസ് അനുകൂലികള്‍ വിശേഷിപ്പിച്ചത്. അതേസമയം പ്രതിഷേധത്തോട് ഹമാസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തങ്ങള്‍ക്കു നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതിന് പിന്നാലെ ബെയ്റ്റ് ലാഹിയയില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചിരുന്നു. ഇത് പ്രദേശത്ത് പൊതുജന രോഷത്തിന് കാരണമാകുകയും ചെയ്തു. ഹമാസ് മനഃപൂര്‍വ്വം ഇസ്രയേലിനെ പ്രകോപിപ്പിക്കുകയാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

രണ്ട് മാസത്തെ വെടിനിര്‍ത്തലിന് ശേഷം ഗാസയില്‍ ഒരാഴ്ച മുമ്പ് ഇസ്രായേല്‍ സൈനിക നടപടി പുനരാരംഭിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ നൂറുകണിക്ക് പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആയിരകണക്കിന് ആളുകള്‍ക്ക് വീടുവിട്ട് പാലായനം ചെയ്യേണ്ടിയും വന്നിരുന്നു.

ഇതോടെയാണ് ഹമാസിനെതിരെ ഗാസയിലെ ജനങ്ങള്‍ രംഗത്തെത്തിയത്. ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രായേല്‍ യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞതോടെയാണ് ഗസ്സയില്‍ പ്രതിഷേധം ആരംഭിച്ചത്. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയയിലെ തെരുവുകളിലാണ് പ്രതിഷേധങ്ങള്‍ കൂടുതല്‍ ഉണ്ടായത്.

‘പുറത്തുപോകൂ, പുറത്തുകടക്കൂ, ഹമാസ് പുറത്തുകടക്കൂ,യുദ്ധം അവസാനിപ്പിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ‘ഞങ്ങള്‍ക്ക് സമാധാനം വേണമെന്നും, തീവ്രവാദികള്‍ പുറത്തുപോകണമെന്നും ഭക്ഷണം കഴിക്കണമെന്നും’ പ്രതിഷേധക്കാര്‍ മുദ്രാവാക്യം ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം, ചികിത്സയിലായിരുന്ന ഹമാസ് നേതാവിനെ ആശുപത്രി ആക്രമിച്ച് ഇസ്രയേല്‍ വധിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ഹമാസിന്റെ ധനകാര്യവിഭാഗം മേധാവി ഇസ്മയില്‍ ബര്‍ഹൂമിനെ ലക്ഷ്യമിട്ട് ഖാന്‍ യൂനിസ് നഗരത്തിലെ നാസര്‍ ആശുപത്രി ആക്രമിക്കുകയായിരുന്നു.
ഏതാനും ദിവസംമുന്പ് ഇസ്രേലി സേനയുടെ വ്യോമാക്രമണത്തില്‍ പരിക്കേറ്റതിനു ചികിത്സയിലായിരുന്നു ഇയാള്‍. ആശുപത്രി ആക്രമണത്തില്‍ ഇയാളുടെ സഹായിയും കൊല്ലപ്പെട്ടു.

ഹമാസ് നേതാവ് ആശുപത്രി കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. കൃത്യത കൂടിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പറഞ്ഞു.  എന്നാല്‍, ആക്രമണത്തില്‍ ആശുപത്രിയുടെ ഒരു ഭാഗം തകര്‍ന്നു. ഒട്ടേറെ ആശുപത്രി ജീവനക്കാര്‍ക്കു പരിക്കേറ്റു.

ഹമാസിന്റെ രാഷ്ട്രീയ വിഭാഗം നേതാവ് സലാ അല്‍ ബര്‍ദവീലിനെയും ഞായറാഴ്ച ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ വധിച്ചിരുന്നു. ഇസ്രേലി സേന വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം പുനരാരംഭിച്ചശേഷം ഗാസയില്‍ ഏഴുന്നൂറിനടുത്തു പേരാണു കൊല്ലപ്പെട്ടിരിക്കുന്നത്.