ഇസ്രയേല്‍- ഗാസ സംഘർഷത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ചർച്ച നടത്തി യുഎസ് വെസ് പ്രസിഡന്റ് കമല ഹാരിസ്. ഗാസയിലെ കൂട്ടക്കുരുതിയിൽ ആശങ്ക പ്രകടിപ്പിച്ച കമല, ഉടൻ സമാധാനം പുനഃസ്ഥാപിക്കാൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ദുരന്തങ്ങളോട് മുഖം തിരിക്കാൻ ആവില്ല, കഷ്ടത അനുഭവിക്കുന്നവർക്ക് മുന്നില്‍ നിശ്ശബ്ദരായിരിക്കാൻ സാധിക്കില്ല. ഞാൻ നിശ്ശബ്ദയാവില്ല എന്നും കമല വ്യക്തമാക്കി.
‘കഴിഞ്ഞ ഒൻപത് മാസമായി ഗാസയില്‍ സംഭവിക്കുന്നത് അലോസരപ്പെടുത്തുന്ന കാര്യങ്ങളാണ്. കുട്ടുകള്‍ മരിക്കുന്നു, കൊടും പട്ടിണിയിലും മനുഷ്യർ പലായനം ചെയ്യുന്നു. രണ്ടും മൂന്നും തവണ താവളങ്ങള്‍ മാറാൻ നിർബന്ധിതരാകുന്നു,’ കമല കൂട്ടിച്ചേർത്തു. വ്യാഴാഴ്ചയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹുവും കൂടിക്കാഴ്ച നടത്തിയത്. ഇതിന് ശേഷമായിരുന്നു കമല ഹാരിസുമായുള്ള ചർച്ച.
ഇസ്രയേല്‍ – ഗാസ സംഘർഷത്തിലുണ്ടായ മരണങ്ങളില്‍ ബൈഡനേക്കാള്‍ ശക്തമായ പ്രതികരണങ്ങളായിരുന്നു കമലയില്‍ നിന്നുണ്ടായത്. നിരപരാധികളായ സാധാരണക്കാരുടെ മരണത്തിലും കഷ്ടതകളിലുമുള്ള ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായും കമല ഹാരിസ് പറഞ്ഞു. ഗാസയില്‍ തുടരുന്ന ഭയാനകമായ മാനുഷിക സാഹചര്യങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തതായി കമല ഹാരിസ് കൂട്ടിച്ചേർത്തു.
ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കണം, ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കണം, ബന്ദികളെ മോചിപ്പിക്കണം എന്നിവയാണ് തന്റെ അവശേഷിക്കുന്ന ആറ് മാസത്തെ ഭരണകാലത്തെ ലക്ഷ്യങ്ങളെന്ന് ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച നടന്നത്. എന്നാല്‍ വെടിനിർത്തല്‍ ആവശ്യം നെതന്യാഹു അംഗീരിച്ചിട്ടില്ല.
ബൈഡന് നെതന്യാഹു ആശംസകളും നന്ദിയും അറിയിച്ചു. ‘അഭിമാനിയായ ഒരു ജൂത സയണിസ്റ്റ് ഒരു അഭിമാനിയായ ഐറിഷ് അമേരിക്കൻ സയണിസ്റ്റിനോട് പറയുന്നു. നിങ്ങള്‍ 50 വർഷം നടത്തിയ പൊതുപ്രവർത്തനത്തിനും ഇസ്രയേലിന് നല്‍കിയ പിന്തുണയ്ക്കും നന്ദി. അവശേഷിക്കുന്ന മാസങ്ങളില്‍ നിങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കാത്തിരിക്കുന്നു,’ നെതന്യാഹു വ്യക്തമാക്കി.