ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ അതിന്റെ അനന്തരഫലം മിഡില്‍ ഈസ്റ്റ് മൊത്തവും അനുഭവിക്കേണ്ടി വരുമെന്ന് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രപ്. താന്‍ അധികാരം ഏറ്റെടുക്കും മുമ്പ് മുഴുവന്‍ ബന്ദികളെയും വിട്ടയക്കണം. അത് ജനുവരി 20ന് മുമ്പായിരിക്കണമെന്നും അദേഹം താക്കീത് ചെയ്തു. ഇത് അനുസരിച്ചില്ലെങ്കില്‍ നത്ത വില നല്‍കേണ്ടി വരും. അമേരിക്ക ഇതുവരെ നടത്തിയ പ്രത്യാക്രമണങ്ങളെക്കാള്‍ ഏറ്റവും വലിയ തിരച്ചടിയാകും നടത്തുകയെന്നും ട്രമ്പ് പറഞ്ഞു.
14 മാസമായി തുടരുന്ന ഇസ്രായേല്‍-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനോ, ബന്ദികളെ മോചിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. ഇസ്രായേലിന് താന്‍ ഉറച്ച പിന്തുണ നല്‍കുമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ട്രംപ് നിലപാട് വ്യക്തമാക്കിയിരുന്നു.
ഈജിപ്ത് തലസ്ഥാനമായ കയ്റോയില്‍ സമാധാനചര്‍ച്ച നടക്കവേ ഗാസയില്‍ ബോംബാക്രണം തുടരുകയാണ് ഇസ്രയേല്‍. നുസെയ്റത്ത്, ഗാസാ സിറ്റി, റാഫ, ജബലിയ, ബെയ്ത് ലഹിയ, ബെയ്ത് ഹനൂന്‍ എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
അതേസമയം, ഗാസയില്‍ കസ്റ്റഡിയിലുള്ള ഇസ്രേലി-അമേരിക്കന്‍ ബന്ദി ഈഡന്‍ അലക്‌സാണ്ടറുടെ (20) വീഡിയോ ഹമാസ് ഭീകരര്‍ പുറത്തുവിട്ടു. തന്നെ മോചിപ്പിക്കാന്‍ യുഎസിലെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടപെടണമെന്ന് ഇദ്ദേഹം വീഡിയോയില്‍ അഭ്യര്‍ഥിക്കുന്നുണ്ട്.
മൂന്നു മിനിറ്റ് വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തുന്ന ഈഡന്‍ തുടര്‍ന്ന് കുടുംബത്തെയും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അഭിസംബോധന ചെയ്യുന്നു.വീഡിയോ പ്രതീക്ഷ നല്കുന്നതാണെന്നു ടെല്‍ അവീവിലുള്ള ഈഡന്റെ കുടുംബം പറഞ്ഞു. അതേസമയം, മകന്റെ ദുരവസ്ഥയില്‍ ഈഡന്റെ അമ്മ യേല്‍ അലക്‌സാണ്ടര്‍ ദുഃഖം പ്രകടിപ്പിച്ചു.
ക്രൂമായ സൈക്കോളജിക്കല്‍ നീക്കമാണു വീഡിയോയിലൂടെ ഹമാസ് നടത്തിയതെന്ന് നെതന്യാഹു പ്രതികരിച്ചു. ഈഡന്റെ കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടെന്നും ബന്ദി മോചനത്തിന് ഇസ്രേലി സര്‍ക്കാര്‍ വിശ്രമമില്ലാതെ പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈനികനായ ഈഡനെ 2023 ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിനിടെയാണു തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹമടക്കം 101 ബന്ദികള്‍ ഗാസയിലുണ്ട്. ഇതില്‍ കുറേപ്പേര്‍ മരിച്ചിരിക്കാമെന്നാണ് അനുമാനം.