ഇംപീച്ച്മെന്‍റ് ഭീഷണി നേരിടുന്നതിനിടെ ഡെമോക്രാറ്റുകളെയും അന്വേഷണ ഉദ്യോഗസ്ഥനെയും രൂക്ഷമായി വിമർശിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റുകളും അന്വേഷണ ഉദ്യോഗസ്ഥനായ ആദം ബി. ഷിഫിനെയും രാജ്യദ്രോഹികൾ ആണെന്ന് ട്രംപ് ആരോപിച്ചു. തെളിവ് നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോൻ അടക്കമുള്ളവർക്ക് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ട്രംപ് വിമർശനവുമായി രംഗത്തെത്തിയത്.
ഫിൻലൻഡ് പ്രസിഡന്‍റുമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് സ്പീക്കർ നാന്‍സി പെലോസിയുടെ നേതൃത്വത്തിലുള്ള ഇംപീച്ച്മെന്‍റ് നടപടിക്കെതിരെ ട്രംപ് രംഗത്തു വന്നത്. തനിക്കെതിരായ അന്വേഷണം രാജ്യദ്രോഹവും തെളിവുകൾ കെട്ടിച്ചമച്ചതുമാണ്. അധികാര ദുർവിനിയോഗം അന്വേഷിക്കുന്ന അമേരിക്കൻ കോൺഗ്രസ് ഇന്‍റലിജൻസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ആദം ഷിഫ് രാജ്യദ്രോഹിയാണോ എന്ന് പരിശോധിക്കണം. അദ്ദേഹം എത്രയും വേഗം രാജിവെക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
രാഷ്ട്രീയ വൈരം തീർക്കാൻ അധികാരം ദുർവിനിയോഗം ചെയ്തതിന്റെ പേരിലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റിന് ഡെമോക്രാറ്റിക് പാർട്ടി നടപടികൾ തുടങ്ങിയത്. 2020-ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയാകാൻ മത്സരിക്കുന്ന ജോൺ ബൈഡനെയും മകനെയും അഴിമതിക്കേസിൽ കുടുക്കാൻ യുക്രെയ്ൻ പ്രസിഡന്‍റിനുമേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് ട്രംപിനെതിരായ ആരോപണം.
മുന്‍ വൈസ് പ്രസിഡന്‍റ് കൂടിയ ബൈഡനും മകനുമെതിരെ അന്വേഷണം നടത്തിയില്ലെങ്കില്‍ 40 കോടി ഡോളറിന്റെ സൈനിക സഹായം നിര്‍ത്തലാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ട്രംപ് യുക്രെയ്ൻ പ്രസിഡന്‍റുമായി നടത്തിയ ഫോൺ സംഭാഷണം പരാമർശിക്കുന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. തുടർന്നാണ് ആരും നിയമത്തിന് അതീതരല്ലെന്നു കാണിച്ച് സ്പീക്കർ നാന്‍സി പെലോസി ഇംപീച്ച്മെന്‍റ് നടപടി ആവശ്യപ്പെട്ടത്.