പാകിസ്ഥാന്‍ ദേശീയ തിരഞ്ഞെടുപ്പില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാന്‍ പുറത്ത്. 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളില്‍ മത്സരിക്കാന്‍ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവില്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിലാണ് ഇമ്രാന്‍ ഖാന്‍.
2022ല്‍ ആണ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത് മുതല്‍ നിയമക്കുരുക്കിലാണ് മുന്‍ പ്രധാനമന്ത്രി. ഫെബ്രുവരി 8ന് ആണ് പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ്. അഴിമതി കേസില്‍ നിയമ നടപടി നേരിടുന്നതുകൊണ്ടാണ് ഇമ്രാന്‍ ഖാന്റെ നാമ നിര്‍ദ്ദേശക പത്രിക തള്ളിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മാഷന്റെ വാദം.
പ്രധാനമന്ത്രി പദത്തിലിരുന്ന കാലത്ത് മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ നിയമവിരുദ്ധമായി കൂടിയ വിലയ്ക്ക് വിറ്റ് അഴിമതി നടത്തിയെന്നതാണ് ഇമ്രാന്‍ ഖാനെതിരെയുള്ള അഴിമതിക്കേസ്. ജന്മനാടായ മിയാന്‍വാലിയിലും ലാഹോറിലും മത്സരിക്കാനായാണ് ഇമ്രാന്‍ പത്രിക സമര്‍പ്പിച്ചത്.
അതേസമയം ഹിന്ദു യുവതി പാകിസ്ഥാന്‍ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. പാകിസ്ഥാന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബുണര്‍ ജില്ലയില്‍ നിന്നുള്ള ഡോ സവീര പ്രകാശ് ആണ് നിയമസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഒരു ഹിന്ദു വനിത മത്സരിക്കുന്നത്.
ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനര്‍ ജില്ലയില്‍ നിന്നാണ് സവീര പ്രകാശ് ജനവിധി തേടുന്നത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ വനിത വിഭാഗം ജില്ല ജനറല്‍ സെക്രട്ടറിയാണ് സവീര. റിട്ട ഡോക്ടറായ പിതാവ് ഓം പ്രകാശ് കഴിഞ്ഞ 35 വര്‍ഷമായി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്.
പാകിസ്ഥാനിലെ അബോട്ടാബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് 2022ല്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സവീര ജനസേവനം തന്റെ രക്തത്തിലുള്ളതാണെന്നാണ് പറയുന്നത്. ഡോക്ടര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ മോശം അവസ്ഥ മനസിലാക്കിയതില്‍ നിന്നാണ് നിയമസഭാംഗം ആകാനുള്ള ആഗ്രഹം ഉണ്ടായതെന്ന് സവീര പറയുന്നു.