ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പാകിസ്ഥാനിൽ പ്രതിഷേധം കത്തിപ്പടരുന്നു ;തെരുവിൽ ഏറ്റുമുട്ടി സൈന്യവും പ്രതിഷേധക്കാരും

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പാകിസ്താനിൽ പ്രതിഷേധം കനക്കുന്നു. പ്രതിഷേധക്കാരും  സൈന്യവും തമ്മിൽ ഇന്നും തെരുവിൽ ഏറ്റുമുട്ടി.  ഇമ്രാൻ ഖാന്റെ മന്ത്രിസഭയിലെ മുൻ വിദേശകാര്യ മന്ത്രിയുൾപ്പെടെയുള്ള മൂന്ന് പ്രമുഖ നേതാക്കളെയാണ് സൈന്യം  കസ്റ്റഡിയിലെടുത്തത്.

രാജ്യത്തെ  ഇന്റർനെറ്റും പൂർണമായും വിഛേദിച്ചിരിക്കുകയാണ്.  പ്രധാന നഗരങ്ങൾ എല്ലാം തന്നെ പോലീസിന്റെയും  സൈന്യ-അർധ സൈനിക വിഭാഗത്തിന്റെയും നിയന്ത്രണത്തിലാണ്.രണ്ട് പ്രവിശ്യകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടച്ചിട്ടു. അഴിമതി കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ്  ചെയ്തതിന് ശേഷം  പാകിസ്താനിൽ അതിരൂക്ഷമായ അക്രമണങ്ങളും കലാപവുമാണ്  നടക്കുന്നത്.

ഇമ്രാൻ അനുകൂലികൾ സൈനിക താവളങ്ങൾക്കെതിരെ  ഉൾപ്പെടെ ആക്രമണം നടത്തിയിരുന്നു. പ്രതിഷേധങ്ങൾക്കിടെയിൽ 5 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.500 ലധികം പ്രതിഷേധക്കാരും പിടിഐ അനുഭാവികളും ഇന്നലെ ലാഹോറിലെ മോഡൽ ടൌണിലുള്ള ്പ്രധാനമന്ത്രി  ഷെഹ്ബാസ് ഷെരീഫിന്റെ വസതി ആക്രമിച്ചിരുന്നു.

Read more

മെയ് ഒൻപതിനാണ് പാക് മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാനെ പാകിസ്താനിലെ അർധ  സൈനികവിഭാഗം അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി ആയിരിക്കെ സമ്മാനമായി ലഭിച്ച വസ്തുക്കൾ മറിച്ച് വിറ്റു പണം സമ്പാദിച്ചുവെന്ന കേസും അൽഖാദിർ ട്രസ്റ്റ് കേസും ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളിലുമാണ് പാകിസ്താനിലെ അഴിമതി വിരുദ്ധ ഏജൻസി  ഇമ്രാനെ കസ്റ്റഡിയിലെടുത്തത്.