'പ്രശ്നങ്ങൾ വഷളാക്കരുത്, ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണം'; ഐക്യരാഷ്ട്രസഭ

ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫൻ ദുജ്ജാറിക്, സംഘർഷാവസ്ഥ കൂടുതൽ വഷളാവാതാരിക്കാൻ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചു. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് അഭ്യർഥിക്കുന്നതായും സ്ഥിതി കൂടുതൽ വഷളാക്കുന്നതോ സംഘർഷം വർധിപ്പിക്കുന്നതോ ആയ ഒരു നടപടിയും സ്വീകരിക്കാതിരിക്കണമെന്നും ഭീകരാക്രമണത്തിൽ അപലപിച്ചുകൊണ്ട് ഗുട്ടെറസ് പറഞ്ഞത്‌.

അതേസമയം ബൈസരൺവാലിയിൽ 26 പേർ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിൽ പാകിസ്ഥാന് ഇന്ത്യ മുന്നണിയിപ്പ് നൽകിയിരുന്നു. ‘ആക്രമൺ’ എന്ന പേരിൽ ഇന്ത്യൻ വ്യോമസേന അഭ്യാസപ്രകടനം സംഘടിപ്പിക്കുകയായിരുന്നു. സെൻട്രൽ കമാൻഡിൽ റഫാൽ, സുഖോയ് യുദ്ധവിമാനങ്ങൾ അണിനിരത്തിയാണ് ഇന്ത്യ വ്യോമാഭ്യാസം നടത്തിയത്.

Read more

നാവികസേന യുദ്ധ കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരിശീലനവും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ദീർഘദൂര ആക്രമണ ദൗത്യങ്ങൾക്കും ശത്രു കേന്ദ്രങ്ങൾക്കെതിരായ മിന്നൽ ആക്രമണങ്ങൾക്കും സജ്ജമെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു.