ബംഗ്ലാദേശിലെ ഹിന്ദുനേതാവിന്റെ കൊലപാതകത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വിമര്‍ശിച്ചു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
ബുധനാഴ്ച ആയിരുന്നു വടക്കന്‍ ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദുനേതാവായ ഭബേഷ് ചന്ദ്ര റോയ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് കടുത്ത പ്രതിഷേധം അറിയിച്ചത്. ഒഴികഴിവുകള്‍ കണ്ടെത്താതെയും വേര്‍തിരിവുകള്‍ സൃഷ്ടിക്കാതെയും ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഓര്‍മ്മിപ്പിച്ചു.
ബുധനാഴ്ച ദിനാജ്പുര്‍ ജില്ലയിലെ ബസുദേബ്പുര്‍ ഗ്രാമത്തിലെ വീട്ടില്‍നിന്നാണ് ഭബേഷ് റോയിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. അന്നേ ദിവസം ഭബേഷ് റോയ്ക്ക് ഒരു ഫോണ്‍ വന്നിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഫോണ്‍ വന്ന് അരമണിക്കൂറിനകം രണ്ട് മോട്ടോര്‍ സൈക്കിളുകളിലായി നാലുപേര്‍ ഭബേഷിന്റെ വീട്ടിലെത്തുകയായിരുന്നു.
Read more
തുടര്‍ന്ന് ഭബേഷ് റോയിയെ നരബരി ഗ്രാമത്തിലേക്ക് തട്ടിക്കൊണ്ടുപോയെന്നാണ് വിവരം. അബോധാവസ്ഥയിലാണ് ഭബേഷ് വീട്ടിലേക്ക് മടങ്ങിയെത്തിയതെന്നും ദിനാജ്പുറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.