സമാധാനത്തിനായി എന്തു പങ്കുവഹിക്കാനും സന്നദ്ധം; റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തിന് ഉടന്‍ പരിഹാരം കാണണം; വ്ളാദിമിര്‍ പുടിനോട് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തി. ബ്രിക്സ് ഉച്ചകോടിക്കായി കസാനിലെത്തിയപ്പോഴാണ് ഇരുരാജ്യങ്ങളുടെയും തലവന്‍മാര്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയത്.
റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് മോദി ആവശ്യപ്പെട്ടു.

ഇതിനായി സഹകരിക്കാന്‍ ഇന്ത്യ തയാറാണെന്നും നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റിനെ അറിയിച്ചു. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും പുടിന്‍ വ്യക്തമാക്കി.

യുക്രെയ്‌നില്‍ സമാധാനത്തിനു സാധ്യതമായതെല്ലാം ചെയ്യാന്‍ സന്നദ്ധതയറിയിച്ചു പ്രധാനമന്ത്രി അറിയിച്ചു.
യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ പുടിനുമായി നടത്തിയ ആശയവിനിമയം എടുത്തുപറഞ്ഞായിരുന്നു സംഭാഷണത്തിന്റെ തുടക്കം. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ മാത്രമേ സംഘര്‍ഷം അവസാനിപ്പിക്കാനാകൂ എന്നതാണ് ഇന്ത്യയുടെ എക്കാലത്തേയും നിലപാട്.

സാധ്യമായ വേഗത്തില്‍ സമാധാനം പുനസ്ഥാപിക്കണം. ഇതിനെ ഇന്ത്യ പൂര്‍ണമായും പിന്തുണയ്ക്കും. മാനുഷികമായ പ്രശ്‌നങ്ങള്‍ക്കായിരിക്കും പ്രഥമ പരിഗണന. തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്.

എത്രയും വേഗം സമാധാനവും സ്ഥിരതയും തിരികെ സ്ഥാപിക്കുന്നതില്‍ ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകും. സമാധാനത്തിനായി എന്തു പങ്കുവഹിക്കാനും സന്നദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.