ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പാക് അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിലെ പാകിസ്‌താൻ അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധം സംഘടിപ്പിച്ച് യു.കെയിലെ ഇന്ത്യൻ പ്രവാസി സമൂഹം. ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പ്രതിഷേധിച്ചവർക്ക് നേരെ ദേശീയപതാക വീശിയ ഇന്ത്യൻ സമൂഹം മുദ്രാവാക്യം വിളിക്കുകയും ഭീകരവാദം നിർത്തണമെന്ന് എഴുതിയ പ്ലക്കാർഡ് ഉയർത്തുകയും ചെയ്തു.

26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ലണ്ടനിലെ പാക് ഹൈക്കമീഷന് മുമ്പിൽ 500ഓളം വരുന്ന ഇന്ത്യൻ പ്രവാസികൾ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പതാകയും ബാനറുകളും പ്ലക്കാർഡുകളും പിടിച്ചായിരുന്നു പ്രതിഷേധം.

അതേസമയം, പ്രതിഷേധിച്ച ഇന്ത്യക്കാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് പാക്കിസ്താൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്. ഇന്ത്യക്കാർക്ക് നേരെ പാക് ആർമി അറ്റാഷെ കേണൽ തൈമൂർ റാഹത്ത് കഴുത്തറുക്കുമെന്ന് ആംഗ്യം കാണിച്ചു. പാക് സൈനിക ഉദ്യോഗസ്ഥന്റെ പ്രകോപനപരമായ നടപടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനം ഉയരുകയും ചെയ്തു.

പ്രതിഷേധക്കാരുടെ മുദ്രാവാക്യം വിളികളെ പ്രതിരോധിക്കാനും പരിഹസിക്കാനും പാക് ഹൈക്കമീഷനിലെ ഉദ്യോഗസ്ഥർ ഉച്ചത്തിൽ പാട്ട് വെക്കുകയും ബഹളം വെക്കുകയും ചെയ്തു. പാകിസ്താൻ കശ്‌മീരികൾക്കൊപ്പമാണെന്ന് എഴുതിയ ബാനർ കെട്ടിടത്തിൽ കെട്ടിയിരുന്നു. ഇന്ത്യക്ക് കൈമാറിയ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാൻ്റെ ചിത്രം പതിച്ച ബോർഡ് പാക് സൈനിക ഉദ്യോഗസ്ഥൻ ഉയർത്തി കാണിക്കുകയും ചെയ്തു.

Read more

ഇതിന് പിന്നാലെ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്‌താൻ ഹൈക്കമീഷണറെ വിളിച്ചുവരുത്തി ഔദ്യോഗിക വിശദീകരണം തേടണമെന്ന് യു.കെ ഭരണകൂടത്തോട് ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ടു. കുറ്റവാളികളെയും അവർക്ക് ധനസഹായം നൽകുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നയതന്ത്ര സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട ഇന്ത്യൻ സമൂഹം, കൊലപാതകങ്ങളെ പാകിസ്താൻ പരസ്യമായി അപലപിക്കണം, ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി.