ഇന്ത്യയിലെ ജയിലുകള്‍ തിങ്ങിനിറഞ്ഞതും ആള്‍ത്തിരക്കേറിയതുമാണെന്ന് മദ്യരാജാവ് വിജയ് മല്യ. ഇന്ത്യന്‍ ജയിലില്‍ തനിക്ക് സുരക്ഷയുണ്ടാവില്ലെന്നും അവ എലിയും പാറ്റയും പാമ്പും നിറഞ്ഞതാണെന്നുമാണ് മല്യയുടെ പരാതി. ബ്രിട്ടനിലെ കോടതിയില്‍ മല്യ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് ബ്രിട്ടനിലേക്ക് കടന്ന് കളഞ്ഞ മല്യയെ തിരിച്ച് അയക്കണമെന്ന് കേന്ദ്രം ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് ജയിലുകളുടെ അവസ്ഥ മോശമാണെന്ന് വിവരിച്ച് മല്യ ഹര്‍ജി നല്‍കിയത്. ഇന്ത്യയിലെ ആര്‍തര്‍ റോഡ് ജയില്‍, ആലിപുര്‍ ജയില്‍, പുഴാല്‍ ജയില്‍ എന്നിവിടങ്ങളിലെ ദയനീയാവസ്ഥായാണ് ബ്രിട്ടനിലെ ജയില്‍ വിദഗ്ധന്‍ ഡോ.അലന്‍ മിച്ചലിനെ ഹാജരാക്കി മല്യ വിശദീകരിച്ചത്.
തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നും താന്‍ നിയമങ്ങളെ അനുസരിക്കുന്ന ആളാണെന്നുമായിരുന്നു വിചാരണ നടപടികൾക്കായി ആദ്യ ദിനം കോടതിയിൽ എത്തിയപ്പോൾ മല്യ പറഞ്ഞത്. ഇന്ത്യയിലേക്ക് അയക്കുന്നത് തന്‍റെ ജീവന് ഭീഷണിയാണെന്നും മല്യ വാദിച്ചിരുന്നു.