ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ യുഎസ് അലബാമയിലെ ടസ്‌കലൂസ നഗരത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ് തിരുപ്പതിയില്‍ നിന്നുള്ള
രമേഷ് പേരാംസെട്ടി ആണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ വിവിധ ആശുപത്രികളില്‍ രമേഷ് സേവനം അനുഷ്ഠിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ആരോഗ്യ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വമായിരുന്നു രമേഷ് പേരാംസെട്ടി. ക്രിംസണ്‍ കെയര്‍ നെറ്റ്വര്‍ക്കിന്റെ സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു രമേഷ്. 38 വര്‍ഷമായി ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന രമേഷ് 1986-ല്‍ വെങ്കിടേശ്വര മെഡിക്കല്‍ കോളേജില്‍ നിന്നായിരുന്നു ബിരുദം നേടിയത്.
Read more
ജന്മനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായും രമേഷ് നിരവധി ശ്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആന്ധ്രാപ്രദേശില്‍ രമേഷ് പഠിച്ച ഹൈസ്‌കൂളിന് 14 ലക്ഷം രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട് കൊല്ലപ്പെട്ട രമേഷിന്. എമര്‍ജന്‍സി മെഡിസിന്‍, ഫാമിലി മെഡിസിന്‍ എന്നിവയില്‍ വൈദഗ്ധ്യം നേടിയ അദ്ദേഹം ടസ്‌കലൂസയ്ക്ക് പുറമെ മറ്റ് നാല് സ്ഥലങ്ങളിലും പ്രാക്ടീസ് ചെയ്തിരുന്നു.