നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞടുപ്പിൽ ഇന്ത്യൻ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകും. പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനാണ് തീരുമാനം പ്രഖ്യാപിച്ചത്. നാളെ ഇരുവരും രാജ്യത്തെ അഭിസംബോധന ചെയ്യും. അഭിഭാഷകയായ കമല നിലവിൽ കാലിഫോർണിയയിൽ നിന്നുള്ള സെനറ്റംഗമാണ്.
കഴിഞ്ഞ മാര്‍ച്ച് 15- നായിരുന്നു ജോ ബൈഡൻ തന്‍റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഒരു വനിതയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഏറ്റവും ഉയർന്നു കേട്ട പേരുകളിലൊന്നാണ് കമലയുടേത്. തുടര്‍ന്ന് നടത്തിയ വിലയിരുത്തലുകള്‍ക്കൊടുവിലാണ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. കമല ഹാരിസിനെ സ്ഥാനാർത്ഥിയായി നിർദേശിക്കാനായതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ബൈഡൻ പ്രതികരിച്ചു. ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കപ്പെടുന്ന നാലാമത്തെ വനിതയാണ് കമല.
Read more
ഭരണമികവു കൊണ്ടും നേതൃപാടവം കൊണ്ടും സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന നേതാവെന്നാണ് ബൈഡൻ കമലയെ വിശേഷിപ്പിച്ചത്. 1960 കളിൽ തമിഴ്നാട്ടിൽ നിന്നും അമേരിക്കയിലെത്തിയ കാൻസര്‍ ഗവേഷക ശ്യാമളാ ഗോപാലിന്‍റെയും ജമേക്കൻ വംശജൻ ഡോണൾ ഹാരിസിന്‍റെയും മകളായ കമലാഹാരിസ് അഭിഭാഷക കൂടിയാണ്.