തെക്കൻ ഗാസയിലെ നഗരമായ റഫയിലെ ഇസ്രയേൽ സൈനിക നടപടി ഉടൻ അവസാനിപ്പിക്കണമെന്നും ഗാസയിലേക്ക് സഹായമെത്തിക്കാൻ റഫ അതിർത്തി തുറക്കണമെന്നും ഉത്തരവിട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയിലാണ് നടപടി. ബന്ദികളെ ഹമാസ് നിരുപാധികം വിട്ടയക്കണം. ഗാസയിലെ പാലസ്തീനികളുടെ അവസ്ഥ ദയനീയമാണെന്നും കോടതി വ്യക്തമാക്കി.
ഇസ്രായേലിന്റെ ആക്രമണം ഗാസയെ മുഴുവനായും നശിപ്പിച്ചേക്കുമെന്ന് നിരീക്ഷിക്കുന്ന കോടതി, ഇസ്രായേലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾക്ക് ഗാസയിലേക്ക് പ്രവേശനം അനുവദിക്കണമെന്നും പറയുന്നുണ്ട്. ഈ വിധിയിൽ ഇസ്രയേൽ എടുത്ത നടപടി ഒരു മാസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തെ പലസ്തീൻ അതോറിറ്റി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. എന്നാൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് ഇസ്രയേൽ തള്ളി. ഹമാസിനെതിരായ സ്വയം പ്രതിരോധമാണ് തങ്ങൾ നടത്തുന്നതെന്ന് ഇസ്രയേൽ പ്രതികരിച്ചു. കോടതി തീരുമാനത്തിന് ശേഷം മിനിട്ടുകൾക്കുള്ളിൽ തന്നെ റഫ നഗരത്തിൽ ഇസ്രായേൽ വീണ്ടും വ്യോമാക്രമണം നടത്തുകയും ചെയ്തു.
Read more
ഈ വർഷം മൂന്നാമത്തെ തവണയാണ് ഗാസയിലെ മരണങ്ങളും മാനുഷിക ദുരിതങ്ങളും നിയന്ത്രിക്കാനായി 15 അംഗ പാനൽ ഉത്തരവിടുന്നത്. ഉത്തരവ് നിയമപരമായി നിലനിൽക്കുമെങ്കിലും ഇത് നടപ്പാക്കുന്നതിന് ആവശ്യമായ സേന കോടതിക്കില്ല.