ആപ്പിളിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 16ന് ആവശ്യമായ ബാറ്ററികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ നീക്കം. ബാറ്ററികള്‍ ഇന്ത്യന്‍ ഫാക്ടറികളില്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് കമ്പനി. ഐഫോണ്‍ ഘടക വിതരണക്കാരോട് ആപ്പിള്‍ ഇക്കാര്യം ആവശ്യപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിളിന്റെ ഇന്ത്യയിലെ നിര്‍മ്മാണ ശേഷി വിപുലീകരിക്കാനും ചൈനയില്‍ നിന്നും ഉത്പാദനം മാറ്റി വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനുമുള്ള കമ്പനിയുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
നിര്‍മ്മാണത്തിനും വിതരണത്തിനും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ആപ്പിള്‍ സജീവ ഇടപെടലുകള്‍ തുടരുന്നത്. ഇന്ത്യയില്‍ പുതിയ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ ചൈനയിലെ ഡെസെ ഉള്‍പ്പെടെയുള്ള ബാറ്ററി നിര്‍മ്മാതാക്കളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ ആപ്പിളിന്റെ തായ്‌വാനീസ് ബാറ്ററി വിതരണക്കാരായ സിംപ്ലോ ടെക്‌നോളജിയോടും അവരുടെ ഉത്പാദന ശേഷി ഇന്ത്യയിലേക്ക് കൂടി വിപുലീകരിക്കാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
വാഷിംഗ്ടണിനും ബീജിങിനും ഇടയില്‍ രൂപംകൊണ്ട വ്യാപാര അസംതുലിതാവസ്ഥ കാരണമാണ് കമ്പനിയുടെ ഉത്പാദന ലൊക്കേഷനുകള്‍ വിപുലീകരിക്കാനും മറ്റ് പ്രദേശങ്ങളിലെ വിതരണക്കാരുമായി ഇടപഴകാനുമുള്ള ശ്രമങ്ങള്‍ക്ക് കമ്പനി തുടക്കം കുറിച്ചത്. ജാപ്പനീസ് ഇലക്ട്രോണിക് പാര്‍ട്‌സ് നിര്‍മ്മാതാക്കളായ ടിഡികെ കോര്‍പ്പറേഷന്‍ ആപ്പിള്‍ ഐഫോണുകള്‍ക്കായി ഇന്ത്യയില്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുമെന്ന് നേരത്തെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു.