പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി ഇറാന്‍. ഇതിന് തയാറാകാത്ത സ്ത്രീകളെ ചികിത്സിക്കാനായി പ്രത്യേക ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്നും ഭരണകൂടം വ്യക്തമാകകി.
സ്ത്രീ-കുടുംബക്ഷേമ മന്ത്രാലയം മേധാവി മെഹ്രി തലേബി ദരേസ്താനിയാണ് ‘ഹിജാബ് റിമൂവല്‍ ട്രീറ്റ്‌മെന്റ് ക്ലിനിക്’ എന്ന പേരില്‍ സര്‍ക്കാര്‍ ചികിത്സാകേന്ദ്രങ്ങള്‍ക്ക് തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. ദുരാചാരങ്ങള്‍ തടയാന്‍ ശാസ്ത്രീയവും മനശാസ്ത്രപരവുമായ ചികിത്സയാകും ക്ലിനിക് വഴി ലഭ്യമാക്കുക എന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം കാമ്പസില്‍ വസ്ത്രം അഴിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. ഹിജാബ് ധരിക്കാത്തതിന് സെക്യൂരിറ്റി ഗാര്‍ഡുകള്‍ മര്‍ദ്ധിച്ചതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി സര്‍വകലാശാലാ കാമ്പസില്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്. ഇറാന്റെ പുതിയ നീക്കത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സ്ത്രീകളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള നീക്കങ്ങള്‍ ഇറാന്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് വനിതാ അവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഹിജാബ് ധരിക്കാത്തവരെല്ലാം മനോരോഗികളും തെറ്റുകാരുമാണെന്ന് സ്ഥാപിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ചികിത്സക്കായല്ല ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ജയിലിലിടാനുള്ള കേന്ദ്രമായാകും ഇത് പ്രവര്‍ത്തിക്കുകയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധക്കാരെ മാനസിക രോഗികളായി മുദ്രകുത്തി പീഡിപ്പിക്കുകയും നിര്‍ബന്ധിതമായി ചികിത്സിക്കുകയും ചെയ്യുന്ന ഇറാന്റെ നടപടിക്കെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്.
ഹിജാബ് റിമൂവല്‍ ട്രീറ്റ്മെന്റ് ക്ലിനിക്കെന്നാണ് പുതിയ ചികിത്സാകേന്ദ്രത്തിന് പേരിട്ടിരിക്കുന്നത്.
ഈ ക്ലിനിക്കുകള്‍ സ്ത്രീകള്‍ക്ക് ‘ഹിജാബ് വിഷയത്തില്‍ ശാസ്ത്രീയവും മാനസികവുമായ ചികിത്സ നല്‍കും.
അലി ഖമേനിയുടെ നേരിട്ടുള്ള അധികാരത്തിന് കീഴിലാണ് ടെഹ്‌റാന്‍ ആസ്ഥാനത്തുള്ള വനിതാ കുടുംബ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഇറാനിലുടനീളം, പ്രത്യേകിച്ച് സ്ത്രീകളുടെ വസ്ത്രധാരണം നിയന്ത്രിക്കുന്നതില്‍ കര്‍ശനമായ മതപരമായ നിയന്ത്രണങ്ങള്‍ നിര്‍വചിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഈ സംഘടനയുടെ ചുമതല.