പരമോന്നത നേതാവിനെ ഇസ്രയേല്‍ പരലോകത്തേക്ക് അയക്കുമോയെന്ന് ഭയം; ആയത്തുള്ള ഖമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ഇറാന്‍

ഇസ്രയേല്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടുത്തിയതിന് പിന്നാലെ പരമോന്നത നേതാവ് ആയത്തുള്ള ഖമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ഇറാന്‍. ഹസന്‍ നസ്റല്ലയെ ഇസ്രായേല്‍ സൈന്യമാണ് വ്യോമാക്രമണത്തിലൂടെ വധിച്ചതായി അറിയിച്ചതിന് പിന്നാലെയാണ് നടപടി. ഇറാന്‍ ഭരണകൂടം നേരിട്ട് ഇടപെട്ടാണ് ഖമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.

ഇസ്രയേല്‍ ലക്ഷ്യം വച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഹിസ്ബുള്ള നേതാക്കളില്‍ ഒരാളായിരുന്നു നസ്‌റല്ല. ബെയ്‌റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിലാണ് നസ്‌റല്ലയെ വധിച്ചതെന്നാണ് ഐഡിഎഫ് അറിയിച്ചത്.

‘ലോകത്തെ ഭീകരവാദവല്‍ക്കരിക്കാന്‍ ഇനി ഹസന്‍ നസറുള്ളയ്ക്ക് സാധിക്കില്ല’ എന്നായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്റെ ട്വീറ്റ്. വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിന്റെ ലക്ഷ്യം നസറുള്ളയാണെന്ന പ്രഖ്യാപനം നേരത്തെ തന്നെ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. 18 വര്‍ഷമായി ഇസ്രയേല്‍ ഹസന്‍ നസ്‌റല്ലയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം വിവരം ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.

മൂന്ന് പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള സെക്രട്ടറി ജനറലാണ് ഹസന്‍ നസ്‌റല്ല. ലെബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുല്ലയെ വളര്‍ത്തിയെടുത്തത് ഹസന്‍ നസ്‌റല്ലയാണ്. അബ്ബാസ്-അല്‍-മുസാവി കൊല്ലപ്പെട്ടപ്പോള്‍ 1992ല്‍ 32 ആം വയസില്‍ നേതൃത്വം ഏറ്റെടുത്താണ് ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് ഷെയിഖ് ഹസന്‍ നസ്‌റല്ല എത്തിയത്. ഇറാന്‍ പിന്തുണയോടെയാണ് ഹിസ്ബുല്ലയുടെ പ്രവര്‍ത്തനങ്ങള്‍.

തെക്കന്‍ ബെയ്‌റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല തലവന്‍ നസ്‌റല്ലയുടെ മകള്‍ സൈനബ് നസ്‌റല്ല കൊല്ലപ്പെട്ടതായും ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യം സംബന്ധിച്ച് ഇസ്രായേലോ ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ പ്രതികരിച്ചിട്ടില്ല.