മഹ്‌സ അമിനിക്ക് ശേഷം അര്‍മിത ഗരവിന്ദ്, ഹിജാബ് ധരിച്ചില്ലെന്ന് പറഞ്ഞ് ഇറാനില്‍ വീണ്ടും മതകാര്യ പൊലീസിന്റെ ക്രൂരമര്‍ദ്ദനം; മെട്രോയിൽ മര്‍ദ്ദനത്തിനിരയായ 16 കാരി അബോധാവസ്ഥയിൽ

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിൽ 16 കാരിക്ക് ക്രൂരമർദ്ദനം. മതപൊലീസ് ഉദ്യോഗസ്ഥരുടെ മർദനത്തിനിരയായ അർമിത ഗരവന്ദ് എന്ന പെൺകുട്ടി അബോധാവസ്ഥയിലാണ്. ടെഹ്റാൻ മെട്രോയിൽ സഞ്ചരിക്കുമ്പോഴാണ് പെൺകുട്ടി ക്രൂരമർദ്ദനത്തിനിരയായത്. ചികിത്സയിൽ കഴിയുന്ന പെൺകുട്ടി ഗുരുതരാവസ്ഥയിലാണ്.

എന്നാൽ അധികൃതർ സംഭവം നിഷേധിച്ചു. താഴ്ന്ന രക്തസമ്മർദ്ദത്തെ തുടർന്ന് പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് അധികൃതരുടെ വാദം. അതേസമയം വൻ സുരക്ഷയിലാണ് ഇറാൻ അധികൃതർ പെൺകുട്ടിക്ക് ചികിത്സ നൽകുന്നത്. ടെഹ്റാനിലെ ഫജ്ർ ആശുപത്രിയിൽ വൻ സുരക്ഷയിലിരിക്കുന്ന പെൺകുട്ടിയെ ബന്ധുക്കളെ പോലും കാണാൻ അനുവദിച്ചില്ല.

പെൺകുട്ടിയെ ട്രെയിനിൽ നിന്ന് എടുത്ത് പുറത്തിടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പെൺകുട്ടി ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിത്രവും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതോടെ പ്രതിഷേധം ശക്തമാകുകയാണ്. അതിക്രമത്തിനെതിരെ കുർദ് വംശജരുടെ സംഘടനയായ ഹെൻഗാവ് രംഗത്തെത്തിയിട്ടുണ്ട്.

ഒരു വർഷം മുൻപ് വസ്ത്രധാരണത്തിന്റെ പേരിൽ അറസ്റ്റിലായ മഹ്സ അമിനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വൻ പ്രക്ഷോഭം നടന്ന സാഹചര്യത്തിൽ പൊലീസ് കടുത്ത മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. അന്ന് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും നിരവധിപ്പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിൽ തെരുവിലിറങ്ങിയ സ്ത്രീകൾ ശിരോവസ്ത്രം അഴിക്കുകയും അവ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സുരക്ഷാ സേന നടത്തിയ അടിച്ചമർത്തൽ പിന്നീട് കലാപമായി മാറിയിരുന്നു.

അതേസമയം കർശന വസ്ത്രധാരണ ചട്ടം ലംഘിക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും കഠിന തടവും പിഴയും ശിക്ഷ വിധിക്കുന്ന വിവാദ ബിൽ ഇറാൻ പാർലമെന്റ് അടുത്തിടെ പാസാക്കിയിരുന്നു. ശരീഅത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇറാനിയൻ നിയമപ്രകാരമല്ലാത്ത വസ്ത്രം ധരിക്കുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷ വിധിക്കുന്നതായിരുന്നു ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയ ഈ ബില്ല്.