കാശ്മീര്‍ വിഷയം പത്രസമ്മേളനത്തില്‍ എടുത്തിട്ട് ഷെഹ്ബാസ് ഷെരീഫ്; ഇന്ത്യക്കെതിരെ ഒന്നും ഉരിയാടാതെ ഇറാന്‍ പ്രസിഡന്റ്;പാക്ക്‌ നിലപാടുകള്‍ക്ക് തിരിച്ചടി

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ നിലപാട് സ്വീകരിക്കാതെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി. മൂന്നുദിവസത്തെ പാക്ക് സന്ദര്‍ശനത്തിന് എത്തിയ അദേഹം വിഷയത്തില്‍ ഒരു പ്രതികരണത്തിനും തയാറായില്ല. കാശ്മീര്‍ വിഷത്തില്‍ ഇറാന്‍ തങ്ങളെ പിന്തുണയ്ക്കുമെന്നായിരുന്നു പാക്കിസ്ഥാന്‍ പറഞ്ഞിരുന്നത്.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയും നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ഷെഹ്ബാസ് ഷെരീഫ് കശ്മീര്‍ വിഷയം എടുത്തിടുകയും ഇറാന്റെ നിലപാടിന് നന്ദി പറയുകയും ചെയ്തിരുന്നു. എന്നാല്‍, കശ്മീരിനെ കുറിച്ച് പരാമര്‍ശിക്കാതെ റൈസി ഗാസ വിഷയത്തെ കുറിച്ച് മാത്രമാണ് പത്രസമ്മേളനത്തില്‍ സംസാരിച്ചത്.

ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇറാന്‍ സ്വീകരിക്കുന്നതെന്ന് വിമര്‍ശനം പാക്കിസ്ഥാനില്‍ ഉയര്‍ന്നിട്ടുണ്ട്. നേരത്തേ പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തെ ഇന്ത്യ പിന്തുണച്ചിരുന്നു. തീവ്രവാദ ഗ്രൂപ്പായ ജയ്ഷ് അല്‍ അദ്ല്‍നെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണമെന്നാണ് ഇറാന്‍ അന്ന് വ്യക്തമാക്കിയത്. സ്വയം പ്രതിരോധത്തിനായി രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികളെ മനസ്സിലാക്കാന്‍ സാധിക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരിച്ചത്.