കാബൂളിലെ ഇന്ത്യന്‍ എംബസികള്‍ ആക്രമിക്കാന്‍ ഐഎസ് പദ്ധതിയിട്ടതായി യുഎന്നിന്റെ റിപ്പോര്‍ട്ട്. ഇന്ത്യ, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളുടെ അഫ്ഗാനിസ്ഥാനിലെ എംബസികള്‍ ആക്രമിക്കാന്‍ ഐഎസ് പദ്ധതിയിട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഐഎസ്ഐഎല്‍-കെ യുടെ ഭീഷണി സംബന്ധിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.റിപ്പോര്‍ട്ട് യുഎന്‍ ഭീകരവാദ ഓഫീസിന്റെ അണ്ടര്‍ സെക്രട്ടറി ജനറല്‍ വ്ളോഡിമിര്‍ വൊറൊന്‍കോവ് ആണ് അവതരിപ്പിച്ചത്. ‘അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന ഭീഷണി ‘ എന്ന വിഷയത്തിലാണ് യോഗം നടന്നത്.
താലിബാനും മറ്റ് രാജ്യങ്ങളും തമ്മിലുളള ബന്ധം തകര്‍ക്കാനാണ് ഇത്തരം ശ്രമമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ കാബൂളിലെ റഷ്യന്‍ എംബസിക്കു നേരെ നടന്ന ആക്രമണവും ഇതിന്റെ ഫലമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന്‍ അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെയും അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സമൂഹത്തെയും തിരികെ എത്തിച്ചിരുന്നു. കാബൂളിലെ ഇന്ത്യന്‍ എംബസി പത്ത് മാസത്തിന് ശേഷം സാങ്കേതിക വിഭാഗം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം തുടങ്ങിയത്.