സുനിത വില്യംസ് രോഗബാധിതയോ? ബഹിരാകാശത്ത് നിന്ന് ഇനി ഒരു മടങ്ങി വരവ് അസാധ്യമോ? പുതിയ ചിത്രം കണ്ട് ഞെട്ടി നെറ്റിസണ്‍സ്

ബഹിരാകാശ നിലയത്തില്‍ നിന്ന് പുറത്തുവന്ന ഇന്ത്യന്‍ വംശജയായ നാസ ശാസ്ത്രജ്ഞ സുനിത വില്യംസിന്റെ ചിത്രത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നെറ്റിസണ്‍സ്. എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും സഹയാത്രികനായ ബാരി വില്‍മോറും കഴിഞ്ഞ അഞ്ച് മാസങ്ങളായി ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്.

അമേരിക്കയിലെ വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങളില്‍ ആശംസ അറിയിക്കുന്ന സുനിത വില്യംസിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പുറത്തുവന്ന പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിധേയമാകുന്നത്.

ജൂണിലാണ് ഇരുവരും ബഹിരാകാശ നിലയത്തിലെത്തിയത്. പുറത്തുവന്ന പുതിയ ചിത്രങ്ങളില്‍ സുനിത വില്യംസിനെ വളരെ ക്ഷീണിതയായി കാണപ്പെടുന്നതാണ് ആശങ്കകള്‍ക്ക് കാരണം. സുനിത വളരെ മെലിഞ്ഞ് ക്ഷീണിതയായിരിക്കുന്നുവെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോയെന്നുമാണ് സോഷ്യല്‍ മീഡിയകളിലെ പ്രധാന ചര്‍ച്ച.

മര്‍ദ്ദമുള്ള ക്യാബിനുള്ളില്‍ മാസങ്ങളായി കഴിയുന്നവര്‍ക്ക് സംഭവിച്ചേക്കാവുന്ന മാറ്റങ്ങളാണ് സുനിത വില്യംസില്‍ കാണപ്പെടുന്നതെന്നും ഉടന്‍ അപകട സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കാലം കഴിഞ്ഞാല്‍ സുനിതയുടെ ആരോഗ്യത്തില്‍ ആശങ്കയ്ക്ക് സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ സുനിത വില്യംസിനും സഹയാത്രികനും തിരികെ ഭൂമിയിലെത്താന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കണം. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും കാരണമാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ നിലയത്തില്‍ കുടുങ്ങിയത്.