ഭൂകമ്പത്തിന് പിന്നാലെ സിറിയയില്‍ ഐഎസ് ആക്രമണം: ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുകയായിരുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 34,000 കടന്നു. തുര്‍ക്കിയില്‍ 29,605പേരും സിറിയയില്‍ 5273 പേരും മരിച്ചു. ദുരന്തത്തില്‍ ഇതുവരെ ആകെ 34,800 പേര്‍ മരിച്ചതായാണ് കണക്ക്.

അതേസമയം, ഭൂകമ്പത്തില്‍ തകര്‍ന്ന സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന ആക്രമണം നടത്തി. മധ്യ സിറിയയിലെ പാല്‍മേയ്റയിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 11പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷ്യവസ്തുകള്‍ ശേഖരിക്കുകയായിരുന്ന 75ഓളം പേര്‍ക്ക് നേരെ ഭീകരര്‍ ആക്രണം നടത്തുകയായിരുന്നു.

കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരു സിറിയന്‍ പൊലീസ് ഓഫീസറും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണം നടന്നതായി സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ഭീകരര്‍ മെഷീന്‍ ഗണ്ണുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

2019ല്‍ അമേരിക്കന്‍ സൈന്യം ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന അവസാന മേഖലയും തിരികെപ്പിടിച്ചിരുന്നു. ഭൂരിഭാഗം ഐഎസ് ഭീകരെയും തടവിലാക്കി. എന്നാല്‍ രക്ഷപ്പെട്ട സംഘാംഗങ്ങളാണ് ഭൂകമ്പം മറയാക്കി ആക്രമണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ കിഴക്കന്‍ സിറിയയിലെ മരുഭൂമികളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിന് മുന്‍പ് 2021ലാണ് സിറിയയില്‍ ഐഎസ് ആക്രമണം നടന്നത്.