ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ ഷിയാ മോസ്‌കിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. വെടിവയ്പു നടത്തിയ മൂന്നു പേരെ ഒമാനി പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഇവരുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍, തങ്ങളുടെ പോരാളികളാണ് ആക്രമണം നടത്തിയതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അറിയിച്ചു. ഐഎസ് അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമണം ആഘോഷിച്ചിട്ടുണ്ട്.
ഐഎസ് ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനും നാലു പാക്കിസ്ഥാനികളും ഒമാനി പോലീസുകാരനുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒരു ഇന്ത്യക്കാരന്‍ അടക്കം 28 പേര്‍ക്കു പരിക്കേറ്റു. മരിച്ചതും പരിക്കേറ്റതുമായ ഇന്ത്യക്കാരുടെ വിവരങ്ങള്‍ വ്യക്തമല്ല. ഷിയാകള്‍ മുഹറത്തിലെ ആഷൂര അനുസ്മരണത്തിന് ഒത്തുചേര്‍ന്നപ്പോഴായിരുന്നു ആക്രമണം. ഐഎസ് ഭീകരര്‍ ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ രാജ്യങ്ങളില്‍ ഷിയാകളെ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും ഒമാനില്‍ ആക്രമണം നടത്തുന്നത് ആദ്യമാണ്.
കുറ്റകൃത്യങ്ങള്‍ കുറവായ ഒമാനില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണ്. പരിക്കേറ്റവരിലും പാക്കിസ്ഥാന്‍ പൗരന്മാര്‍ ഉള്‍പ്പെടുന്നു. പാക് വംശജര്‍ വാഡി അല്‍ കബീര്‍ മേഖല ഒഴിവാക്കണമെന്ന് ഒമാനിലെ പാക് അംബാസഡര്‍ ഇമ്രാന്‍ അലി നിര്‍ദേശിച്ചു. അമേരിക്കയും ഒമാനിലുള്ള തങ്ങളുടെ പൗരന്മാര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.