ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ്(ഇസ്‌കോണ്‍)നെതിരെ നടപടിയുമായി ബംഗ്ലദേശ് സര്‍ക്കാര്‍. ഇസ്‌കോണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 17 വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍ 30 ദിവസത്തേക്ക് മരവിപ്പിച്ചു.
ഈ അക്കൗണ്ടുകളിലേക്കുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (ബിഎഫ്‌ഐയു) ഉത്തരവിറക്കി. 17 വ്യക്തികളുടെയും ഇടപാട് രേഖകള്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മൂന്ന് ദിവസത്തിനുള്ളില്‍ നല്‍കാനും ബിഎഫ്‌ഐയു ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. .
ഇസ്‌കോണ്‍ മുന്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 25ന് ചാത്തോഗ്രാമില്‍ നടന്ന റാലിയില്‍ ബംഗ്ലാദേശ് ദേശീയ പതാകയ്ക്ക് മുകളില്‍ കാവി പതാക ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
അതേസമയം, ഇസ്‌കോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകര്‍ ബംഗ്ലാദേശ് സര്‍ക്കാരിനു നോട്ടീസയച്ചിരുന്നു. സാമുദായിക സംഘര്‍ഷമുണ്ടാക്കുന്നതിനായി ഇസ്‌കോണ്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതായി ആരോപിച്ചാണ് അവര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഹിന്ദുനേതാവായ കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വ്യാപക സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതി അഭിഭാഷകര്‍ കടുത്ത നിലപാട് എടുത്തത്.
അതേസമയം, കൃഷ്ണദാസിന്റെ അറസ്റ്റിലും ജാമ്യം നിഷേധിക്കലിലും ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ രംഗത്തെത്തി. ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതിനിടെ, അഡ്വ. ഇസ്ലാമിന്റെ കൊലാപാതകത്തിന് ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അല്‍ മാമൂന്‍ റസലിന്റെ നേതൃത്വത്തില്‍ പത്ത് അഭിഭാഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കാന്‍ നേരത്തെ ഇസ്‌കോണ്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദാസിന്റെ അറസ്റ്റില്‍ സംഘടന ഉത്കണ്ഠയും രേഖപ്പെടുത്തിയിരുന്നു.