ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് പ്രമേയം പാസാക്കി അറബ്- ഇസ്ലാമിക രാജ്യങ്ങൾ. 57 രാജ്യങ്ങൾ ചേർന്നാണ് പ്രമേയം പാസാക്കിയത്. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റിയാദിൽ വിളിച്ചുചേർത്ത സമ്മേളനത്തിലാണ് ഗാസയിലെ അക്രമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയത്.
ഗാസയിലെ ആശുപത്രികൾ ഉൾപ്പെടെ ആക്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അറബ് രാജ്യങ്ങൾ പ്രമേയത്തിലൂടെ വിമർശിച്ചു. പലസ്തീനിലെ നമ്മുടെ സഹോദരന്മാർക്കെതിരായ നിഷ്ഠൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തുന്നത്. ഗസ്സയിലെ ആശുപത്രികൾക്കെതിരെ ഉൾപ്പെടെ നടക്കുന്ന അക്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല. അന്താരാഷ്ട്ര സമൂഹത്തിന്റേയും സുരക്ഷാകൗൺസിലിന്റേയും പരാജയമാണ് ഗസ്സയിലെ മാനുഷിക ദുരന്തങ്ങൾ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസാധാരണ അറബ് ഇസ്ലാമിക് സംയുക്ത ഉച്ചകോടിയാണ് റിയാദില്‍ നടന്നത്. തുർക്കി പ്രസിഡന്റ് തയ്യിബ് എൻദൊഗൻ, ഖത്തറിന്റെ എമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഉൾപ്പെടെയുള്ള നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.