അഭയാര്‍ത്ഥി ക്യാമ്പിലും ആക്രമണം നടത്തി ഇസ്രായേല്‍; ജബലിയ ക്യാമ്പ് പൂര്‍ണ്ണമായും നശിച്ചതായി റിപ്പോര്‍ട്ട്

ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിലും ആക്രമണം നടത്തി ഇസ്രായേല്‍. ആക്രമണത്തില്‍ നൂറ് കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്കുകളെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ജബലിയ അഭയാര്‍ത്ഥി ക്യാമ്പ് പൂര്‍ണ്ണമായും നശിച്ചതായി ഗാസ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.

ജബലിയ ക്യാമ്പില്‍ ആറ് തവണ ബോംബ് വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. ക്യാമ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കണക്കാക്കാന്‍ പോലും പ്രയാസമാണെന്നാണ് ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി ഡയറക്ടര്‍ അറിയിക്കുന്നത്. ഗാസയില്‍ ഇസ്രായേലിന്റെ കരയാക്രമണവും ശക്തമാണ്. ജനവാസ മേഖലകളിലും ഇസ്രായേല്‍ സേന ആക്രമണത്തിനെത്തിയിട്ടുണ്ട്.

Read more

ഇതുവരെ ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 8525 ആയി. ഇതില്‍ 3542 കുഞ്ഞുങ്ങളും 2187 സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് നാളെ വൈകുന്നേരത്തോടെ ആശുപത്രി പ്രവര്‍ത്തനം നിറുത്തുമെന്ന് ഇന്തോനേഷ്യന്‍ ആശുപത്രി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.