ലബനനിലെ ഹിസ്ബുള്ളക്കെതിരെ ഇസ്രയേല്‍ നടത്തിയ അതിരൂക്ഷമായ വ്യോമാക്രമണത്തില്‍ 569 പേര്‍ കൊല്ലപ്പെട്ടു. 1842 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 50 കുട്ടികളും നിരവധി സ്ത്രീകളുമുണ്ടെന്ന് ലബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്നലെ മുന്നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് 2006ല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണിത്തെക്ക്, കിഴക്കന്‍ മേഖലകളില്‍ നിന്ന് ബെയ്റൂട്ട് ലക്ഷ്യമാക്കി ജനങ്ങള്‍ വന്‍തോതില്‍ പലായനം ചെയ്യുന്നതിനിടെയാണ് വ്യാപക ആക്രമണം. ലബനന്‍സിറിയന്‍ അതിര്‍ത്തിയിലെ ബെകാ താഴ്വരയിലെ ജനവാസ കേന്ദ്രങ്ങള്‍ വ്യാപകമായി ആക്രമണം നടന്നു.
അതേസമയം, യുദ്ധ പ്രഖ്യാപനം നടത്തിയ ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ ഹിസ്ബുള്ളയ്ക്ക് കഴിയില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്‍ പറഞ്ഞു.
പാശ്ചാത്ത്യ രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നും എല്ലാ പിന്തുണയും ലഭിക്കുന്ന രാജ്യമാണ് ഇസ്രായേല്‍. ഇവരെല്ലാം ഇസ്രായേലിനെ പ്രതിരോധിക്കുകയും പിന്തുണയ്ക്കുകയും ആയുധങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ അവരെ തോല്‍പ്പിക്കുക പ്രയാസമാണ്.
ഹിസ്ബുള്ളയ്ക്ക് ഇറാന്‍ പിന്തുണ നല്‍കുമോ എന്ന ചോദ്യത്തോട് കൃത്യമായി പ്രതികരിക്കാനും അദേഹം തയാറായില്ല. ലെബനനെ മറ്റൊരു ഗാസയാക്കി മാറ്റാന്‍ അനുവദിക്കരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുമെന്നാണ് മസൂദ് പെസഷ്‌കിയന്റെ മറുപടി നല്‍കിയത്.