ഇറാന്റെ വ്യോമാക്രമണം ഭയന്ന് സൈനികരുടെ അവധി റദ്ദാക്കി ഇസ്രായേൽ. അവധിയിലുള്ള മുഴുവൻ സൈനികരോടും തിരിച്ചെത്താൻ ഇസ്രായേൽ നിർദേശം നൽകി. അതേസമയം രാജ്യാതിർത്തിക്കുള്ളിൽ ജിപിഎസ് നാവിഗേഷൻ സേവനങ്ങളും ഇസ്രയേൽ നിർത്തിവച്ചു. ഏപ്രിൽ 5ന് ശേഷം ഇറാൻ തിരിച്ചടിക്കുമെന്ന വിലയിരുത്തലിലാണ് ഇസ്രയേൽ നടപടി.
സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് ജനറൽമാർ ഉള്‍പ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് മിസൈൽ വർഷിച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചാൽ നേരിടാനുള്ള ഒരുക്കങ്ങൾ ഇസ്രയേൽ നടത്തുന്നത്. അവധികള്‍ റദ്ദാക്കി തിരിച്ചെത്താൻ സൈനികർക്ക് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് നിർദേശം നൽകി. മിസൈലുകളെയും ഡ്രോണുകളെയും തടസ്സപ്പെടുത്തുന്നതിനായാണ് ഇസ്രായേലിൻ്റെ വിവിധ ഭാഗങ്ങളിൽ ജിപിഎസ് തടഞ്ഞത്.
വ്യാഴാഴ്ച മുതലാണ് ഇസ്രായേലിൻ്റെ മധ്യഭാഗങ്ങളിൽ ജിപിഎസ് സംവിധാനങ്ങൾ തടസ്സപ്പെട്ടത്. നിലവിൽ ടെൽ അവീവ്, ജറുസലേം തുടങ്ങിയ പ്രധാന നഗരങ്ങളിൽ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ആപ്പുകള്‍ ഉപയോഗിക്കാൻ കഴിയുന്നില്ല. അതേസമയം പരിഭ്രാന്തരാവേണ്ടതില്ലെന്ന് സേന ജനങ്ങളെ അറിയിച്ചു. ജനറേറ്ററുകൾ വാങ്ങുകയോ ഭക്ഷണം കൂടുതലായി കരുതി വെയ്ക്കുകയോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് അറിയിപ്പ്. ചില എംബസികൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയതായും സൂചനയുണ്ട്.
സിറിയയിലെ ഇറാൻ എംബസി ആക്രമിച്ച സംഭവത്തിൽ മറുപടി നൽകുമെന്ന് നേരത്തെ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ കനത്ത വില നൽകേണ്ടി വരുമെന്ന് ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയും പ്രതികരിച്ചിരുന്നു. ശത്രുവിന് ശിക്ഷ ലഭിക്കാതെ ഈ കുറ്റകൃത്യം കടന്നുപോകില്ല എന്നാണ് ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞത്.
ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ബ്രിഗേഡിയർ ജനറൽമാരായ മുഹമ്മദ് റെസ സഹേദിയും, മുഹമ്മദ് ഹാദി, ഹാജി റഹിമിയും ഉൾപ്പെടെ ഏഴ് ഐആർജിസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഇത്കൂടാതെ രണ്ട് സിറിയക്കാർ ഉള്‍പ്പെടെ 13 പേരും ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.