യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലബനനിലെ 24 ഗ്രാമങ്ങള്‍ക്കുകൂടി ഒഴിയാന്‍ നിര്‍ദേശം നല്‍കി ഇസ്രയേല്‍. ജനങ്ങള്‍ പ്രദേശത്തുനിന്ന് അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടിരിക്കുന്നത്.
ഹിസ്ബുള്ളയുമായി അതിര്‍ത്തികടന്ന് കരയുദ്ധം ആരംഭിച്ചതിനു ശേഷം ഇന്നലെയാണ് ഇസ്രയേല്‍ സൈന്യം കൂടുതല്‍ പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. 2006ലെ ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തിനു ശേഷം യുഎന്‍ ബഫര്‍സോണായി പ്രഖ്യാപിച്ച മേഖലയാണിത്. കരയുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം.
അതേസമയം, ഇറാന്‍ മിസൈല്‍ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലേക്ക് ഏറ്റവും പ്രഹരശേഷിയുള്ള യുദ്ധക്കപ്പല്‍ അമേരിക്ക അയച്ചു. പശ്ചിമേഷ്യയില്‍ തുറന്ന യുദ്ധത്തിലേക്ക് സംഘര്‍ഷം നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെയാണ് യുഎസിന്റെ നിര്‍ണായക നീക്കം. മേഖലയില്‍ കൂടുതല്‍ സൈനികരെയും അടിയന്തരമായി വിന്യസിച്ചിട്ടുണ്ട്.
യുഎസ് നേവിയുടെ കൈവശമുള്ള ഏറ്റവും വലിയ രണ്ടാമത്തെ യുദ്ധക്കപ്പലാണ് മിഡില്‍ ഈസ്റ്റിലേക്ക് എത്തുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിയാണ് ഇസ്രയേലിനെതിരായ ഇറാന്‍ ആക്രമണം പ്രതിരോധിക്കാന്‍ അയച്ചിരിക്കുന്നത്.
അമേരിക്ക- ഇറാഖ് യുദ്ധസമയത്തും ഈ കപ്പലിനെ മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരുന്നു. നിലവില്‍ നേവിയുടെ എട്ടാമത്തെ നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് ഹാരി എസ് ട്രൂ മാന്‍ പ്രദേശത്തുണ്ട്. ഒരു നിര്‍ദ്ദേശം ഉണ്ടാകുന്നതുവരെ എബ്രഹാം ലിങ്കണ്‍ പ്രദേശത്ത് തന്നെ തുടരുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ അറിയിച്ചു.