ഗാസയിലെ ബെയ്ത് ലാഹിയ പട്ടണം തരിപ്പണമാക്കി ഇസ്രയേല്‍; 48 പേര്‍ കൊല്ലപ്പെട്ടു; ആശുപത്രികളും ആക്രമിച്ചതായി ഗസ മന്ത്രാലയം

വ്യോമാക്രമണത്തില്‍ വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണം തരിപ്പണമാക്കി ഇസ്രയേല്‍.
ബെയ്ത് ലാഹിയയിലെ ജനവാസ കേന്ദ്രത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു. യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്തവരെ അധിവസിപ്പിച്ചിരുന്ന കെട്ടിടമാണ് ഇസ്രയേല്‍ ആക്രമിച്ചത്. ബെയ്ത്ത് ലാഹിയയില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വടക്കന്‍ ഗാസയിലെ കമല്‍ അദ്വാന്‍ ആശുപത്രി സമുച്ചയത്തില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങി. ആശുപത്രിയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും സൈന്യം കസ്റ്റഡിയിലെടുത്തതായി പലസ്തീന്‍ എന്‍ക്ലേവ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

. വടക്കന്‍ ഗസയിലെ പ്രധാന നഗരങ്ങളായ ജബാലിയ, ബെയ്ത് ഹനൗണ്‍, ബെയ്ത് ലാഹിയ പട്ടങ്ങളില്‍ ഒരു മാസത്തോളമായി ഇസ്രായേല്‍ ആക്രമണം ശക്തമാക്കുകയാണ്. ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 800ലധികമാളുകള്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഗസ മുനമ്പിലെ ബെയ്ത് ലാഹിയ പ്രദേശത്ത് ഹമാസ് യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. വടക്കന്‍ ഗസയില്‍ ശക്തമായ ആക്രമണമാണ് ഇസ്രായേല്‍ തുടരുന്നത്. വെള്ളിയാഴ്ച ഇസ്രായേല്‍ സൈന്യം ആശുപത്രി ആക്രമിച്ചതായി ഗസ മന്ത്രാലയം അറിയിച്ചു.