ഖത്തറിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച നടക്കുന്നതിനിടെ ഹമാസ് തീവ്രവാദികളെ തിരഞ്ഞ് പലസ്തീനില്‍ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. ഇതോടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിവച്ചു. അടുത്ത ആഴ്ച ചര്‍ച്ചകള്‍ വീണ്ടും തുടരും. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് ഇന്നലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച. ഹമാസ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലാണ് ചര്‍ച്ചകള്‍ നിര്‍ത്തിവച്ച വിവരം അറിയിച്ചത്.
ഗാസയില്‍ 2023 ഒക്ടോബര്‍ ഏഴിനുശേഷം 40005 പേര്‍ കൊല്ലപ്പെട്ടെന്നാണ് പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ജനസംഖ്യയുടെ 1.08 ശതമാനം പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം, കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികളെ പിടിക്കാനെന്ന വ്യാജേന ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര ദേശീയതാവാദിയുമായ ഇറ്റാമര്‍ ബെന്‍ ഗ്വീറിന്റെ നേതൃത്വത്തില്‍ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ മോസ്‌കില്‍ ഇരച്ചുകയറി പ്രാര്‍ഥന നടത്തി. ഗാസയില്‍ കടന്നാക്രമണം നടത്തുമ്പോള്‍ തന്നെയാണ് വെസ്റ്റ് ബാങ്കില്‍ ഇത്തരം ഒരു നീക്കം ഇസ്രയേല്‍ നടത്തിയിരിക്കുന്നത്.
മക്കയ്ക്കും മദീനയ്ക്കും ശേഷം ലോകമെങ്ങുമുള്ള മുസ്ലിങ്ങള്‍ ഏറ്റവും വിശുദ്ധമായി കണക്കാക്കുന്ന മൂന്നാമത്തെ മോസ്‌കാണ് അല്‍ അഖ്സ. ടെമ്പിള്‍ മൗണ്ട് എന്ന പേരില്‍ ജൂതരും ഇവിടം വിശുദ്ധസ്ഥലമായി കണക്കാക്കുന്നു. ജൂത മതാചാരങ്ങള്‍ക്ക് വിലക്കുള്ള ഇവിടെയാണ് ജൂതരുടെ വിശുദ്ധദിനത്തില്‍ അതിക്രമിച്ചുകയറി ആരാധന നടത്തിയത്. ഇസ്രയേല്‍ സൈന്യം സുരക്ഷയൊരുക്കിയ പ്രാര്‍ഥനയില്‍ ബെന്‍ ഗ്വീര്‍ ‘ഹമാസിനെ തോല്‍പ്പിക്കു’മെന്ന് പ്രഖ്യാപിക്കുന്ന വീഡിയോയും പുറത്തുവന്നു.