ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍ ജസീറ ചാനല്‍ ഹമാസ് ഭീകരരുടെ ദൂതരെന്ന് ഇസ്രയേല്‍. ചാനലിന്റെ ഓഫീസുകള്‍ പൂട്ടികെട്ടിച്ച് സംപ്രേക്ഷണം നിര്‍ത്തിച്ചു. അല്‍ ജസീറയുടെ ഓഫീസായി ഉപയോഗിച്ചിരുന്ന ജറുസലേമിലെ ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയ ശേഷമാണ് ചാനല്‍ പൂട്ടിച്ചിരിക്കുന്നത്. ഇസ്രയേലില്‍ അല്‍ ജസീറയുടെ ഇംഗ്ലീഷ്, അറബി ചാനലുകള്‍ക്ക് പ്രവര്‍ത്തനനുമതി വിലക്കിയതിന് പിന്നാലെയാണ് നടപടി.
ഹോട്ടല്‍ മുറിയില്‍ ഉദ്യോഗസ്ഥര്‍ കാമറ ഉപകരണങ്ങള്‍ പൊളിച്ചുമാറ്റുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. അല്‍ ജസീറയെ നിരോധിക്കുന്ന കാര്യം എക്‌സിലൂടെയാണ് ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്. ‘ഇസ്രയേലില്‍ അല്‍ ജസീറയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നു, ഇത് സര്‍ക്കാരിന്റെ ഏകകണ്ഠമായ തീരുമാനമാണ്’. നെതന്യാഹു വ്യക്തമാക്കി.
ഹമാസിന്റെ ദൂതര്‍ക്ക് ഇസ്രയേലില്‍ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് ഇസ്രയേല്‍ മന്ത്രി സ്ലോമോ കാര്‍ഹി നെതന്യാഹുവുമായിചേര്‍ന്നുള്ള സംയുക്ത പ്രസ്താവനയില്‍ അദേഹം പറഞ്ഞു. അല്‍ ജസീറ ഉടന്‍തന്നെ പൂട്ടി ഉപകരണങ്ങള്‍ കണ്ടുകെട്ടുമെന്നും മന്ത്രി അറിയിച്ചിരുന്നു. ചാനല്‍ നിരോധനം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നോ എത്ര നാളത്തേക്കെന്നോ നെതന്യാഹു വ്യക്തമാക്കിയില്ല.
45 ദിവസത്തേക്കായിരിക്കും നിരോധനമെന്ന് ഇസ്രേലി മാധ്യമങ്ങള്‍ സൂചിപ്പിച്ചു. ചാനലിന്റെ ഉപകരണങ്ങള്‍ കണ്ടുകെട്ടുമെന്ന് വാര്‍ത്താവിതരണ മന്ത്രി ഷ്ലോമോ കാര്‍ഹി നേരത്തെ അറിയിച്ചിരുന്നു. ഇസ്രയേലിലും കിഴക്കന്‍ ജറൂസലെമിലും ചാനലിന്റെ പ്രവര്‍ത്തനം തടസപ്പെടുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞു. പലസ്തീന്‍ പ്രദേശങ്ങളില്‍ നിരോധനം ബാധകമാകില്ല.