ഇസ്രയേലിനെതിരെ ആയുധം എടുക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെയും ഹിസ്ബുള്ളയെയും ലക്ഷ്യമാക്കിയാണ് നെതന്യാഹു പുതിയ താക്കീത് നല്‍കിയിരിക്കുന്നത്.
ഗാസയില്‍ ഹമാസിനെതിരായ യുദ്ധത്തിന്റെ നിലവിലെ ഘട്ടം അവസാനിച്ചുകൊണ്ടിരിക്കുകയാണ്. ലെബനനിലെ ഹിസ്ബുല്ലയെ നേരിടാന്‍ കൂടുതല്‍ സൈനികരെ വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസിക്കും. തെക്കന്‍ ഗാസ നഗരമായ റഫയില്‍ സൈന്യം നിലവിലെ കരയാക്രമണം പൂര്‍ത്തിയാക്കാനിരിക്കെ ഹമാസിനെതിരായ യുദ്ധം അവസാനിച്ചുകൊണ്ടിരിക്കുകയാണ്.
ഇനി ഗാസയില്‍ കുറച്ച് സൈനികരെ മാത്രമേ ആവശ്യമുള്ളൂ. ഹിസ്ബുല്ലയെ നേരിടാന്‍ സൈന്യത്തെ അവിടെനിന്ന് മോചിപ്പിക്കേണ്ടതുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. പതിനായിരക്കണക്കിന് കുടിയിറക്കപ്പെട്ട ഇസ്രായേലികളെ നാട്ടിലേക്ക് നെതന്യാഹു തിരിച്ചുവിളിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 7ന് ആരംഭിച്ച ഗാസ ആക്രമണത്തിനു തൊട്ടുപിന്നാലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയിരുന്നു. പല ഘട്ടങ്ങളിലും ഇരു സൈന്യവും തമ്മില്‍ തീവ്രമായ ഏറ്റുമുട്ടലുകള്‍ നടന്നു. ഹിസ്ബുള്ളയെ അവസാനിപ്പിക്കുമെന്നാണ് ഇസ്രയേല്‍ സൈന്യമായ ഐഡിഎഫും പറഞ്ഞിരിക്കുന്നത്. തങ്ങളുടെ ശേഷിയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഹിസ്ബുല്ലക്കെതിരെ പുറത്തെടുത്തിട്ടുള്ളുവെന്നും ഒരു യുദ്ധമുണ്ടായാല്‍ ലെബനാന് രണ്ടാം ഗസ്സയായി മാറുമെന്നുമാണ് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കുന്നത്.