റഫാ നഗരം ആക്രമിക്കാനൊരുങ്ങി ഇസ്രയേല്‍; അംഗീകാരം നല്‍കി ബെഞ്ചമിൻ നെതന്യാഹു

ഗാസയിലെ റഫാ നഗരം ആക്രമിക്കാനൊരുങ്ങി ഇസ്രയേല്‍. ആക്രമണ പദ്ധതിക്ക് അംഗീകാരം നല്‍കിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടു. ഭക്ഷണമില്ലാതെ നരകിക്കുന്ന ഗാസയില്‍ വംശഹത്യയാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്നും വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ അന്തസത്തയ്ക്ക് നിരക്കുന്നതല്ലെന്നും ഹമാസ് വ്യക്തമാക്കി.

ഖത്തര്‍ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ വഴിതെളിയാതെ നീളുന്നതിനിടെയാണ് ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍ നീക്കം. ബന്ദികളുടെ മോചനത്തിനുള്ള ഉപാധികളിലാണ് ഹമാസുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയത്. ചര്‍ച്ചകള്‍ തുടരുമെന്നും ഇതിനായി പ്രതിനിധി സംഘം ദോഹയിലെത്തുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

Read more

അതിനിടെ അതിതീവ്രമായ ഭക്ഷ്യക്ഷാമത്തിന് ആശ്വാസമേകാന്‍ 200 ഭക്ഷ്യവസ്തുക്കളുമായി സ്പാനിഷ് സന്നദ്ധ സംഘടനയുടെ കപ്പല്‍ ഗാസയിലെത്തി. ഗാസ തീരത്ത് ഒരുക്കിയ താല്‍ക്കാലിക ജെട്ടിയിലാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. ഭക്ഷ്യവിതരണ മേഖലകളിലെ ആക്രമണങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണ് വിതരണം. ഒരു കപ്പല്‍ കൂടി ഉടന്‍ ഗാസ തീരത്തെത്തും. ഭക്ഷണത്തിനും മരുന്നിനും ചികില്‍സാ വസ്തുക്കള്‍ക്കും കടുത്ത ക്ഷാമം നേരിടുകയാണ് ഗാസയിലെ ജനങ്ങൾ.