ആറ് ദശലക്ഷം മനുഷ്യരുടെ അതിജീവനത്തിന്റെ കച്ചിത്തുരുമ്പ്! UN അഭയാര്‍ഥി ഏജന്‍സി UNRWA ഇസ്രയേൽ നിരോധിക്കുമ്പോൾ...

ഗാസയിൽ മാത്രം രണ്ട് ദശലക്ഷം പലസ്തീനികൾ ഭക്ഷണത്തിനായും വെള്ളത്തിനായും മരുന്നിനായും ആശ്രയിക്കുന്ന, 650,000 കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന ഐക്യരാഷ്ട്ര സഭയുടെ പലസ്തീൻ അഭയാര്‍ഥി ഏജൻസിയായ ഉൻവ (UNRWA) യെ നിരോധിച്ചുകൊണ്ടുള്ള നിയമം ഇസ്രയേൽ പാർലമെൻ്റ് പാസാക്കിയിരിക്കുകയാണ്. ഉൻവയ്ക്ക് ഇനി ഇസ്രയേലിലും ഇസ്രയേൽ അധീന കിഴക്കൻ ജറുസലേമിലും പ്രവർത്തിക്കാനാവില്ല. ഇസ്രായേൽ- പലസ്തീൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കഴിഞ്ഞ ഒരു വർഷമായി അതിജീവനത്തിനുള്ള കച്ചിത്തുരുമ്പായാണ് ജനങ്ങൾ ഈ യുഎൻ ഏജൻസിയെ കാണുന്നത്.

ഗാസ, വെസ്റ്റ് ബാങ്ക്, ജോർദാൻ, ലെബനൻ, സിറിയ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത 6 ദശലക്ഷം പലസ്തീൻ അഭയാർത്ഥികൾക്ക് സേവനം നൽകുന്ന യുഎൻ ഏജൻസിയാണ് ഉൻവ (UNRWA). 6 ദശലക്ഷത്തോളം വരുന്ന അഭയാർത്ഥികൾക്ക് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങൾ എന്നിവ നൽകുന്നതിൽ നിർണായക പിന്തുണ നൽകുകയാണ് കഴിഞ്ഞ ഒരു വർഷമായി ഉൻവ ചെയ്യുന്നത്. ഗാസയിൽ നേരിട്ട് പ്രവർത്തിക്കുന്ന ഏക യുഎൻ സംഘടനയും ഇതുതന്നെയാണ്. നിലവിൽ ഏകദേശം 30,000 പലസ്തീനികൾ ജോലി ചെയ്യുന്ന ഏജൻസിയിൽ ഇസ്രായേൽ വ്യോമാക്രമണത്തിനും റെയ്ഡുകൾക്കും ഇടയിൽ 200 ലധികം ജീവനക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗാസയിലേക്ക് സഹായമെത്തിക്കാനായി യുഎൻ ഏജൻസിക്ക് ഇസ്രയേൽ സൈന്യവുമായി സഹകരിക്കേണ്ടതുണ്ട്. എന്നാൽ നിയമം പാസാക്കിയതോടെ ഇസ്രയേൽ ഉദ്യോ​ഗസ്ഥരും ഏജൻസി ജീവനക്കാരും തമ്മിൽ ബന്ധപ്പെടുന്നതിന് വിലക്കുണ്ട്. ഇത് ഗാസയിലും ഇസ്രയേൽ അധിനിവേശ വെസ്റ്റ്ബാങ്കിലും ഏജൻസി നടത്തിവരുന്ന പ്രവർത്തനങ്ങൾ കുറയും. ഏജൻസിയുടെ ജീവനക്കാർക്ക് ഇസ്രയേലിൽ നിയമപരമായ സഹായവും ലഭിക്കില്ല. നിയമം പാസാക്കിയതിന്റെ അടിസ്ഥാനത്തിൽ ഏജൻസിയുടെ കിഴക്കൻ ജറുസലേമിലെ ആസ്ഥാനമന്ദിരം അടയ്ക്കും.

“അപകടകരമായ മുന്നൊരുക്കം” എന്നാണ് യുഎൻആർഡബ്ല്യുഎയുടെ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി ഇസ്രായേലിൻ്റെ നീക്കത്തെ വിശേഷിപ്പിച്ചത്. ഇതിലൂടെ അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രയേൽ ലംഘിക്കുന്നുവെന്നും കഴിഞ്ഞ ഒരു വർഷമായി ഗാസയിൽ നരകയാതന അനുഭവിക്കുന്നവരുടെ ദുരിതങ്ങൾ ഇതിലൂടെ കൂടുതൽ ആഴമേറിയതാകുമെന്നും അദ്ദേഹം പറയുന്നു.

ഇനി ഉൻവ പോലൊരു ഏജൻസിയെ നിരോധിക്കുന്നതിന് ഇസ്രേയൽ കാരണമായി പറയുന്നത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. തിങ്കളാഴ്‌ച വൈകുന്നേരമാണ് ഇസ്രായേൽ പാർലമെൻ്റായ നെസെറ്റ് ഉൻവയെ നിരോധിക്കുന്നതടക്കമുള്ള രണ്ട് ബില്ലുകളും ഭൂരിപക്ഷത്തോടെ അംഗീകരിച്ചത്. ഉൻവയെ “ഭീകരപ്രവർത്തനങ്ങളുടെ മറയായി” ഉപയോഗിക്കുന്നുവെന്നാണ് നിയമനിർമ്മാണം അവതരിപ്പിച്ചുകൊണ്ട്, നെസെറ്റിൻ്റെ വിദേശകാര്യ-സുരക്ഷാ കമ്മിറ്റി ചെയർമാൻ യൂലി എഡൽസ്റ്റൈൻ ആരോപിച്ചത്. “ഹമാസ് എന്ന തീവ്രവാദ സംഘടനയും ഉൻവയും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്. ഇസ്രായേലിന് ഇത് അംഗീകരിക്കാം കഴിയില്ല” എന്നാണ് എഡൽസ്റ്റൈൻ പറഞ്ഞത്.

പതിറ്റാണ്ടുകളായി ഇസ്രയേൽ എതിർക്കുന്ന സംഘടനയാണ് ഉൻവ. ഒന്നാം അറബ്- ഇസ്രായേൽ യുദ്ധത്തിൽ പലായനം ചെയ്ത പലസ്തീനിയൻ അഭയാർഥികൾക്കുള്ള ഏജൻസിയായി 1948-ൽ ആണ് ഉൻവ സ്ഥാപിതമായത്. സമീപ വർഷങ്ങളിൽ ഇസ്രേയലിന്റെ ഉൻവയോടുള്ള എതിർപ്പ് രൂക്ഷമായിരുന്നു. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിൽ 19 ഉൻവ പ്രവർത്തകർ പങ്കെടുത്തതായാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഗാസയിൽ ഉൻവ ജീവനക്കാർ ഹമാസുമായി ഒത്തുകളിച്ചെന്നും ഇസ്രയേൽ പറയുന്നു.

അമേരിക്ക, യുകെ, ജർമ്മനി എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇസ്രയേലിൻ്റെ ഈ നീക്കത്തിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം നിയമങ്ങൾ നടപ്പാക്കുന്നത് ഇസ്രായേൽ-പലസ്‌തീൻ സംഘർഷം പരിഹരിക്കുന്നതിന് സഹായിക്കില്ലെന്നും മേഖലയിലെ മൊത്തത്തിലുള്ള സമാധാനത്തിനും സുരക്ഷയ്ക്കും ഹാനികരമാവുമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

യുഎന്നിലെ ചൈനീസ് പ്രതിനിധി ഫു കോങ്, ഇസ്രായേലി നടപടിയെ “അതിരു കടന്നത്” എന്ന് വിശേഷിപ്പിക്കുകയും, ചൈന “ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു” എന്നും പറഞ്ഞു. ഇസ്രായേലിൻ്റെ നിരോധനത്തെ “ഭീകരം” എന്നാണ് റഷ്യ വിശേഷിപ്പിച്ചത്, ഇത് ഗാസയിലെ സ്ഥിതി കൂടുതൽ വഷളാക്കുമെന്നും റഷ്യ പറഞ്ഞു. ഇസ്രായേലി നിയമനിർമ്മാണത്തിൽ യുകെ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും “UNRWA യുടെ അനിവാര്യമായ പ്രവർത്തനം ഇല്ലാതാകുന്നത് അപകടമാണെന്നും”പറഞ്ഞു. ഇസ്രായേൽ നടപടിയെ ശക്തമായി അപലപിക്കുന്നതായി ജോർദാൻ പറഞ്ഞു, ഇത് “അന്താരാഷ്ട്ര നിയമത്തിൻ്റെ നഗ്നമായ ലംഘനവും ഇസ്രായേൽ അധിനിവേശ ശക്തിയാവുകയാണെന്നും” വിശേഷിപ്പിച്ചു.

ഈ നീക്കം “യുഎൻ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്ന വളരെ ഗുരുതരമായ ഒരു മാതൃകയാണ്” എന്നാണ് അയർലൻഡ്, നോർവേ, സ്ലോവേനിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ പറഞ്ഞത്. യുഎൻആർഡബ്ല്യുഎ ജീവൻ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും ഏജൻസിയുടെ പ്രവർത്തനങ്ങൾ “കഠിനമായി നിയന്ത്രിക്കാനുള്ള” ഇസ്രായേലി തീരുമാനത്തെ അവളുടെ സർക്കാർ എതിർക്കുന്നുവെന്നും ഓസ്‌ട്രേലിയ പറഞ്ഞു. ഇസ്രായേലി നിയമങ്ങളുടെ “മാനുഷികവും രാഷ്ട്രീയവും നിയമപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്നാണ്” സ്വിറ്റ്സർലൻഡ് അഭിപ്രായപ്പെട്ടത്.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി