ഇസ്രായേൽ സഞ്ചാരികള്‍ക്ക് വിലക്ക്: തീരുമാനം പിൻവലിക്കാനൊരുങ്ങി മാലദ്വീപ്; അറബ് വംശജരെ ബാധിക്കുമെന്ന് വിലയിരുത്തൽ

മാലദ്വീപിൽ ഇസ്രായേൽ സഞ്ചാരികള്‍ക്കുള്ള വിലക്ക് നീക്കാന്‍ നീക്കം നടക്കുന്നതായി സൂചന. മാലദ്വീപിൽ ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കും. ഇസ്രായേലിൽ ജൂതൻമാർ മാത്രമല്ല ഉള്ളതെന്നും അറബ് മുസ്ലീം വിഭാഗക്കാരും ഉണ്ടെന്ന തിരിച്ചറിവാണ് വിലക്ക് നീക്കുന്നതിന് പിന്നിലുള്ള തീരുമാനമെന്ന് മാലദ്വീപ് അറ്റോർണി ജനറൽ അഹ്‌മദ് ഉഷാം പറഞ്ഞു.

ഈ മാസം ആദ്യമാണ് ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ മാലദ്വീപ് തീരുമാനമെടുത്തത്. എന്നാലിപ്പോൾ ഈ തീരുമാനത്തിൽ നിന്ന് മാലദ്വീപ് പിൻവാങ്ങിയിരിക്കുകയാണ്. ഇസ്രയേലികൾക്കേർപ്പെടുത്തിയ വിലക്ക് അറബ് വംശജരെയും ബാധിക്കുമെന്ന വിലയിരുത്തലിലാണ് മാലദ്വീപ് തീരുമാനം പിൻവലിക്കാനൊരുങ്ങുന്നത്.

ഇരുപത് ലക്ഷത്തോളം അറബ് മുസ്ലീങ്ങൾ ഇസ്രായേലിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇസ്രായേൽ പാസ്പോർട്ട് ഉടമകളായ നിരവധി പാലസ്‌തീനികളും ഉണ്ട്. ഒറ്റയടിക്ക് ഇസ്രായേൽ പൗരൻമാർക്ക് നിരോധനം കൊണ്ടുവന്നാൽ അത് ഇവരെയും ബാധിക്കും. അതിനാലാണ് തീരുമാനം പുനഃപരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് മാലദ്വീപ് അറ്റോർണി ജനറൽ അഹ്‌മദ് ഉഷാം പറഞ്ഞത്.

ജൂൺ ആദ്യവാരമാണ് മാലദ്വീപിൽ ഇസ്രായേൽ സഞ്ചാരികൾ സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനമാകുന്നത്. സഞ്ചാരികളെ സ്ഥിരമായി വിലക്കുന്നതിന് നിയമനിർമ്മാണം നടത്താനുള്ള തയ്യാറെടുപ്പിലുമായിരുന്നു സർക്കാർ. പ്രസിഡൻ്റ് മൊഹമ്മദ് മൊയ്‌സു പങ്കെടുത്ത ക്യാബിനറ്റ് യോഗത്തിലായിരുന്നു ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് പ്രസിഡൻ്റിൻ്റെ ഓഫീസ് പത്രക്കുറിപ്പുമിറക്കിയിരുന്നു. അതേസമയം ഇസ്രായേലിനോടുള്ള മാലദ്വീപ് സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്നും അഹ്‌മദ് ഉഷാം വ്യക്തമാക്കി.