ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശം ഒന്‍പത് മാസം പിന്നിടുമ്പോഴും സൈനിക നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടി. എന്നാൽ ഇസ്രയേല്‍ സൈനിക നേതൃത്വം ഗാസയില്‍ വെടിനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഗാസയിലെ സൈനിക നടപടിയുടെ പേരില്‍ ഇസ്രയേല്‍ സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നത നിലനിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.
ഗാസയിൽ വെടിനിർത്തൽ ആരംഭിക്കാൻ ഇസ്രയേൽ സൈന്യത്തിന്റെ ഉന്നത ജനറൽമാർ ആഗ്രഹിക്കുവെന്നാണ് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സര്‍ക്കാരും സൈന്യവും തമ്മിലുള്ള ഭിന്നത ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗാസയിൽ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ 120 ഓളം ഇസ്രയേലികളെ മോചിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം സന്ധിയായിരിക്കുമെന്നാണ് ഈ ജനറൽമാർ കരുതുന്നത്. ഇസ്രയേൽ സൈന്യത്തിൽ നിലവിലുള്ളതും നേരത്തെ ഉണ്ടായിരുന്നവരുമായ ആറ് സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖം കൂടി ഉൾപ്പെടുത്തിയാണ് ന്യൂയോർക്ക് ടൈംസ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ ഈ റിപ്പോർട്ട് നെതന്യാഹു തള്ളി.
നാല് പതിറ്റാണ്ടിനിടയിൽ ഇസ്രായേൽ നടത്തിയ ഏറ്റവും തീവ്രമായ സൈനിക നടപടികളാണ് ഇപ്പോൾ ഗാസയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഒക്ടോബറിന് ശേഷം 300ലധികം ഇസ്രയേൽ സൈനികർ ഗാസയിൽ കൊല്ലപ്പെട്ടു. 4,000ലധികം സൈനികർക്ക് പരിക്കേറ്റു. നിരവധി പേർ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ അനുഭവിക്കുന്നു. സൈന്യത്തിന് ഷെല്ലുകളും ടാങ്കുകൾ, സൈനിക ബുൾഡോസറുകൾ, കവചിത വാഹനങ്ങൾ എന്നിവയുടെ സ്‌പെയർ പാർട്‌സും ഇല്ലെന്ന് ഉദ്യോഗസ്ഥരിൽ പലരും പറയുന്നു.
ഇത്രയും കാലം നീണ്ട ഒരു സൈനിക നീക്കത്തിന് സേന സജ്ജരായിരുന്നില്ലെന്ന് ഇസ്രയേൽ സൈനിക മേധാവികൾ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ലെബനൻ സായുധ സംഘമായ ഹിസ്ബുള്ളയുമായി ഉടലെടുക്കുന്ന നിരന്തര സംഘര്‍ഷങ്ങള്‍ പ്രതിസന്ധി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ഹമാസുമായി ഉടമ്പടിയിൽ എത്തിയാൽ അത് ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷങ്ങളും അയവുവരുത്തുന്നതിന് എളുപ്പമാക്കുമെന്നാണ്. സുരക്ഷാ കാരണങ്ങളാൽ പേരുവിവരങ്ങൾ മറച്ചുവെച്ചാണ് പല ഉദ്യോഗസ്ഥരും ന്യൂയോർക് ടൈംസിനോട് സംസാരിച്ചത്.
സൈന്യം ബന്ദികളുടെ കൈമാറ്റത്തെയും വെടിനിർത്തലിനെയും പൂർണ്ണമായും പിന്തുണക്കുന്നുവെന്നും ഗാസയിൽ നടപടികളിൽ താത്കാലിക വിരാമം ഉണ്ടായാൽ ലെബനിൽ നിന്നുള്ള ഭീഷണിയുടെ തീവ്രത കുറയ്ക്കാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് സ്വകാര്യമായോ അല്ലാതെയോ സൈന്യം ബെഞ്ചമിൻ നെതന്യാഹുവുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഗാസ പിടിച്ചെടുക്കുന്നതിനോ മറ്റ് പലസ്തീന്‍ നേതാക്കൾക്ക് നിയന്ത്രണം കൈമാറുന്നതിനോ നെതന്യാഹു തയ്യാറാകാതെ വരുന്നതിനാൽ സൈന്യത്തിന്റെ ഊർജ്ജവും വെടിക്കോപ്പുകളും ക്രമേണ ഇല്ലാതാക്കുന്ന ശാശ്വതമല്ലാത്ത യുദ്ധമായി ഇപ്പോഴത്തെ നടപടികൾ മാറുമെന്ന് സൈന്യം ഭയപ്പെടുന്നു. ബന്ദികൾ ബന്ദികളായും ഹമാസ് നേതാക്കൾ സ്വാതന്ത്രരായും തുടരുന്നിടത്തോളം കാലം നടപടികൾ നീണ്ട് പോവുകയും ചെയ്യും. അതിനാൽ ബന്ദികളാക്കിയവരെ തിരികെ ലഭിക്കുന്നതിന് പകരമായി ഹമാസിനെ ഇപ്പോൾ അധികാരത്തിൽ നിർത്തുക എന്നതാണ് ഇസ്രയേലിന് ഉള്ളതിൽ മെച്ചപ്പെട്ട ഓപ്‌ഷനെന്ന് ന്യൂയോർക്ക് ടൈംസിനോട് പ്രതികരിച്ച പല ഉന്നത നേതാക്കളും സമ്മതിക്കുന്നു.
ഹമാസിനെ ഉന്മൂലനം ചെയ്യുക, എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നിവയുൾപ്പെടെ അതിൻ്റെ എല്ലാ ലക്ഷ്യങ്ങളും നേടിയതിനുശേഷം മാത്രമേ സൈനിക നടപടികൾ അവസാനിപ്പിക്കൂ എന്നാണ് നെതന്യാഹുവിന്റെ പക്ഷം. ഹമാസിനെ ഗാസയിൽ അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന സാഹചര്യത്തെ നെതന്യാഹു ഒരു തരത്തിലും പിന്തുണക്കില്ല. തന്റെ സഖ്യസർക്കാരിനെ വീഴ്ത്താൻ വരെ അത്തരമൊരു സാഹചര്യത്തിനാകും എന്ന ധാരണ നെതന്യാഹുവിനുണ്ടാകും. ഹമാസ് പരാജയപ്പെടാതെ യുദ്ധം അവസാനിച്ചാൽ സഖ്യം ഉപേക്ഷിക്കുമെന്നാണ് ചില സഖ്യ കക്ഷികളും നിലപാട് എടുത്തിരുന്നു.
ഗാസയിലാവട്ടെ ആയിരങ്ങൾ ജീവൻ രക്ഷിക്കാനായി ദിവസവും പലായനം ചെയ്യുകയും വീടും സ്വത്തുവകകളും ഉപേക്ഷിച്ച് മടങ്ങുകയും ചെയ്യുന്നു. ദിവസവും നൂറുകണക്കിനാളുകൾ കൊല്ലപ്പെടുന്നു. ഈ കണക്കുകളിൽ പെടാത്ത പതിനായിരക്കണക്കിനാളുകൾ ഗാസയിലെ കെട്ടിടങ്ങൾക്കടിയിലും കൂട്ടക്കുഴിമാടങ്ങളിലും ഒടുങ്ങുന്നു.